കോഴിക്കോട്: മലയോര ജനതയെ കുടിയിറക്കുന്ന ബഫർസോൺ പ്രശ്നത്തിന് മുഖ്യമന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. ബഫർസോൺ വിഷയത്തിലെ സർക്കാർ വഞ്ചനക്കെതിരെ താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഫർസോൺ പള്ളിക്കാരുടെ മാത്രം കാര്യമല്ല. നാനാ ജാതി, മത വിഭാഗങ്ങളുടെ കാര്യമാണ്. അതിനാൽ സർക്കാർ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. ഭരണപക്ഷവും പ്രതിപക്ഷവും വഴക്കിടുന്നതിനുപകരം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. 90 വർഷത്തോളമായി ജീവിക്കുന്നവരെ പുറത്താക്കി വന്യജീവികൾക്ക് സംരക്ഷണമൊരുക്കുകയാണ് ചെയ്യുന്നത്. മലയോര ജനത തിരഞ്ഞെടുത്ത എം.എൽ.എമാരെ വിളിച്ച് വിശ്വാസികൾ ബഫർസോൺ വിഷയത്തിൽ ബോധവത്കരിക്കണമെന്നും ബിഷപ് പറഞ്ഞു. പശ്ചിമഘട്ട ജനസംരക്ഷണ സമിതി കൺവീനർ ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പശ്ചിമഘട്ട ജന സംരക്ഷണ സമിതി കോഓഡിനേറ്റർ ഫാ. ബെന്നി മുണ്ടനാട്ട് സ്വാഗതവും ഇൻഫാം താമരശ്ശേരി രൂപത പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കണ്ടത്തിൽ നന്ദിയും പറഞ്ഞു.
ഫാ. ജോസ് പൊന്നാംപറമ്പിൽ, ഫാ. സായ് പാറൻകുളങ്ങര, അഭിലാഷ് കുടിപാറ, ഫാ. ജോസഫ് കളരിക്കൽ, ഫാ. വിൻസെന്റ് കണ്ടത്തിൽ, ബെന്നി ലൂക്കോസ്, തോമസ് വലിയപറമ്പൻ, ഫാ. സബിൻ തൂമുള്ളിൽ, അനീഷ് വടക്കേൽ എന്നിവർ നേതൃത്വം നൽകി. എരഞ്ഞിപ്പാലത്തുനിന്ന് വൻ പ്രകടനമായായിരുന്നു കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. സമരത്തെ തുടർന്ന് ഏറെനേരം വയനാട് റോഡിൽ ഗതാഗതക്കുരുക്കുണ്ടായി.
കോഴിക്കോട്: കഴുത്തുവെട്ടാൻ വന്നവനോട് കൈയും കാലും വെട്ടിയാൽ മതിയെന്ന് പറയുന്ന പോലെയാണ് ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചതെന്നും അങ്ങനെ ഒരു സമൂഹത്തെ വിട്ടുകൊടുത്ത് ആരും ഇവിടെ ഭരിക്കാമെന്ന് കരുതേണ്ടെന്നും പശ്ചിമഘട്ട ജനസംരക്ഷണ സമിതി കൺവീനർ ഡോ. ചാക്കോ കാളംപറമ്പിൽ. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയുമെല്ലാം പത്തു കിലോമീറ്റർ ചുറ്റളവ് ബഫർസോണാക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഞങ്ങളത് ഒരു കിലോമീറ്ററാക്കി കുറക്കാൻ നിർദേശിച്ചുവെന്നാണ് സർക്കാർ പറയുന്നത്.
മുഖ്യമന്ത്രി അധികാരിയല്ല എന്നകാര്യം ഓർത്തുവേണം ജനങ്ങളെ ഭരിക്കാൻ. വനം സംരക്ഷിക്കലല്ല. വന്യജീവികളെ സംരക്ഷിക്കലാണിവിടെ നടക്കുന്നത്. വന്യജീവികളെ ഉപയോഗിച്ച് വളഞ്ഞവഴിയിലൂടെ കുടിയിറക്കുകയാണ്. മലയോര ജനതയുടെ പ്രശ്നം പരിഹരിക്കാനാവുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം. ദേശീയ പാതക്കരികിൽ ബാറുകൾ പാടില്ലെന്ന് കോടതി ഉത്തരവുണ്ടായപ്പോൾ 24 മണിക്കൂറിനുള്ളിൽ ദേശീയ പാതകൾ ജില്ലാ റോഡുകളാക്കി പുനർനാമകരണം ചെയ്തത് എല്ലാവരും കണ്ടതാണ്. രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ചതുപോലും ബഫർസോൺ സമരത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.