കോഴിക്കോട്: ബൈക്ക് യാത്രികൻ കലുങ്കിനെടുത്ത കുഴിയിൽവീണ് പരിക്കേറ്റ സംഭവത്തിൽ കരാർ കമ്പനി ചികിത്സച്ചെലവ് നൽകണമെന്ന് ജില്ല കലക്ടർ ഉത്തരവിട്ടു. കഴിഞ്ഞയാഴ്ച താമരശ്ശേരി ചുങ്കം വെഴുപ്പൂർ ബസ്സ്റ്റോപ്പിന് സമീപം അപകടത്തിൽ പരിക്കേറ്റ എകരൂൽ വള്ളിയോത്ത് അബ്ദുൽ റസാഖിനാണ് (56) അപകടത്തിൽ പരിക്കേറ്റത്.
ഇദ്ദേഹത്തിന് കരാർകമ്പനി ചികിത്സച്ചെലവ് നൽകിയില്ലെങ്കിൽ കരാർ തുകയിൽനിന്ന് ഇൗടാക്കാൻ ബന്ധപ്പെട്ട വകുപ്പിന് കലക്ടർ നിർദേശം നൽകി. അബ്ദുൽ റസാഖിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമസഹായവും സർക്കാർ ലഭ്യമാക്കും. റോഡ് ഉപഭോക്താവ് എന്നനിലയിൽ സപ്ലൈ ഓഫിസർക്കാണ് ഇതിന് നിർദേശം നൽകിയത്. താമരശ്ശേരി തഹസിൽ ദാർ ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കും. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിലാണ് കലക്ടറുടെ ഉത്തരവ്.
ഗുരുതരപരിക്കേറ്റ് കിടപ്പിലായ അബ്ദുൽ റസാഖിന്റെ ആവശ്യമായിരുന്നു ചതിക്കുഴിയിൽ വീഴ്ത്തിയതിന് നഷ്ടപരിഹാരം ലഭിക്കണമെന്നത്. ഇതുസംബന്ധിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സുരക്ഷാക്രമീകരണവുമൊരുക്കാതെ റോഡിൽ നടന്ന നിർമാണപ്രവൃത്തി ജീവനുതന്നെ ഭീഷണിയാവുംവിധത്തിലായിരുന്നു. തുടയെല്ല് പൊട്ടി ശസ്ത്രക്രിയ നടത്തി കിടപ്പിലാണ് അബ്ദുൽ റസാഖ്. ശ്രീധന്യ കൺസ്ട്രക്ഷൻസാണ് കലുങ്ക് നിർമാണം ഏറ്റെടുത്ത് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.