അത്തോളി: ബിസിനസ് പങ്കാളികൾ നൽകിയ കള്ളക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി പ്രവാസി യുവാവിന്റെ പരാതി. അത്തോളി സ്വദേശി കോളിയേരി ഫായിസാണ് പൊലീസിനെതിരെയും ബിസിനസ് പങ്കാളികൾക്കെതിരെയും പരാതി ഉന്നയിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളികൾ നൽകിയ വിശ്വാസവഞ്ചനക്കേസിനെ തുടർന്ന് കഴിഞ്ഞ മാസം 22ന് വിദേശത്തുനിന്ന് തിരിച്ചുവരുന്നതിനിടെ ഇയാളെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് ഏലത്തൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ജ്വല്ലറിയിൽ പാർട്ണറായ തന്നെ ലാഭവിഹിതം നൽകാതെ കള്ളക്കണക്കുകൾ നൽകി വഞ്ചിച്ചുവെന്നും ഇതേത്തുടർന്ന് ബിസിനസ് പങ്കാളിത്തം ഒഴിയാൻ തീരുമാനിക്കുകയും വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നതായും ഫായിസ് പറഞ്ഞു. ഇതിൽ ഒരു നടപടിയുമുണ്ടാവാത്തതിനെ തുടർന്ന് പാർട്ണർമാരെ മുൻകൂട്ടിയറിയിച്ച് ജ്വല്ലറിയിലെ സ്റ്റോക്കെടുത്തശേഷം സാക്ഷികൾ മുമ്പാകെ വെച്ച് തന്റെ വിഹിതം തൂക്കിയെടുത്ത് സ്ഥാപനത്തിൽനിന്ന് പിരിയുകയാണുണ്ടായത്. സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞ് പരാതി നൽകുകയും പൊലീസിനെ സ്വാധീനിച്ച് തന്നെ ജയിലിൽ അടക്കുകയുമായിരുന്നെന്നും ഫായിസ് ആരോപിച്ചു. സിവിൽ സ്വഭാവമുള്ള കേസാണിതെന്നും പരാതി സമർപ്പിക്കാൻ വൈകിയത് സംശയാസ്പദമാണെന്നും തന്റെ ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചതായും ഫായിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.