നാദാപുരം: ബന്ധുക്കൾ തമ്മിലുള്ള അടിപിടി കേസിലെ പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് വിവാദമായി. നാദാപുരം കുമ്മങ്കോട് ചെമ്പ്രംകണ്ടി സി.എം. അയ്യൂബിനെയാണ് (54) ഞായറാഴ്ച ഉച്ചയോടെ നാദാപുരം പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അയ്യൂബിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് മർദനത്തിൽ പരിക്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും വീട്ടുമുറ്റത്ത് ഇയാളെ തടഞ്ഞുവെച്ചു. ഒടുവിൽ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നാദാപുരം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ പരിക്ക് ബോധ്യമായതിനെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച സാമ്പത്തിക ഇടപാടിനെ ചൊല്ലി സഹോദരന്മാരുടെ മക്കൾ തമ്മിൽ ഉണ്ടായ വാട്സ്ആപ് പ്രചാരണം വാക്കേറ്റത്തിലും നേരിയ തോതിലുള്ള അടിപിടിയിലും കലാശിക്കുകയും ബന്ധുക്കളായ അൽതാഫ്, അബ്ദുല്ല എന്നിവർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു.
അബ്ദുല്ലയുടെ വീട്ടുകാർ നാദാപുരം പൊലീസിൽ നൽകിയ പരാതിയിൽ സുബൈർ, അൽതാഫ്, അയ്യൂബ് എന്നിവർക്കെതിരെ കേസ് എടുക്കുകയായിരുന്നു. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത അയ്യൂബിനെ പ്രതിചേർത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം. എന്നാൽ, പിടികൂടാനെത്തിയ പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്നും ഇയാളുടെ പരാക്രമത്തിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.