കോഴിക്കോട്: ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പദവികളിൽ മുമ്പില്ലാത്തവിധം തഴയപ്പെട്ട എ ഗ്രൂപ് തുറന്ന പോരിന്. പ്രസിഡന്റ് പദവികൾ ജില്ലയിൽ സ്വധീനമുള്ള നേതാക്കൾ വീതംവെച്ചതും ഇതിന് കെ.പി.സി.സി നേതൃത്വം ഒത്താശ ചെയ്തതുമടക്കം ചർച്ചയാക്കാനാണ് എ ഗ്രൂപ് നേതാക്കളുടെ തീരുമാനം.
‘ക്രിസ്തുവിനുംയൂദാസിനും ഒരേ പരിഗണന നൽകി’ എന്നു പറയുന്നപോലെയണ് ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പട്ടികയെന്ന് മുതിർന്ന എ ഗ്രൂപ് നേതാവ് പറഞ്ഞു. 26 ബ്ലോക്ക് പ്രസിഡന്റുമാരിൽ നേരത്തെ എ ഗ്രൂപ്പിന് 17 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ നാദാപുരത്തെ സജീവൻ ഐ ഗ്രൂപ്പിലേക്ക് മാറിയതോടെ 16 പേരായി ഇതിപ്പോൾ കുറഞ്ഞ് ആറായി ചുരുങ്ങി.
എം.കെ. രാഘവൻ എം.പിയുടെ താൽപര്യത്തിൽ പ്രസിഡന്റായ ഫറോക്കിലെ തസ്വീർ ഹസനെക്കൂടി പരിഗണിച്ചാൽ എ ഗ്രൂപ്പുകാരുടെ എണ്ണം ഏഴാകും. വടകര, പയ്യോളി, മുക്കം എന്നിവിടങ്ങളിലാണ് എ ഗ്രൂപ് പ്രതിനിധികൾ വെട്ടപ്പെട്ടത്. കെ. കരുണാകരന്റെ പ്രതാപ കാലത്ത്, എ.കെ. ആന്റണിയുമായുള്ള പോര് നിലനിൽക്കുമ്പോൾ പോലും വടകര ബ്ലോക്ക് എ ഗ്രൂപ്പിന് മേധാവിത്തമുള്ള ഇടമായിരുന്നു.
ഇവിടം നഷ്ടപ്പെട്ടതാണ് ഗ്രൂപ്പിന് ചങ്കിൽകുത്തായത്. മുക്കം ബ്ലോക്ക് പ്രസിഡന്റിനെ കെ.പി.സി.സി നൂലിൽകെട്ടി ഇറക്കിയതാണെന്നും എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു. മുക്കത്ത് പ്രസിഡന്റായി അബ്ദു കൊയങ്ങോറൻ, റോയ്, കെ.ടി. മൻസൂർ എന്നീ മൂന്ന് പേരുകളാണ് ഉയർന്നത്.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, കെ. ജയന്ത്, മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, എം.പിമാരായ കെ. മുരളീധരൻ, എം.കെ. രാഘവൻ എന്നിവരടങ്ങിയ ഡി.സി.സി ഉപസമിതി ചർച്ച ചെയ്തിട്ടും തീർപ്പാകാത്തതോടെ ഈ മൂന്ന് പേരുകളും കെ.പി.സി.സിക്ക് കൈമാറുകയായിരുന്നു.
എന്നാൽ ഈ പട്ടികയിലില്ലാത്ത എം. സിറാജുദ്ദീനെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ബ്ലോക്ക് പ്രസിഡന്റായി പ്രഖ്യാപിച്ചത്. തർക്കമുള്ള സ്ഥലങ്ങളിലെല്ലാം എ ഗ്രൂപ്പ് പ്രതിനിധികളെ വെട്ടിയതോടെ മുക്കത്തെ ‘നൂലിൽ കെട്ടിയിറക്കൽ’ ഇവർ കൂടുതൽ ചർച്ചയാക്കുകയാണ്.
ഉമ്മൻ ചാണ്ടി പക്ഷമായ എ ഗ്രൂപ്പിന് ലഭിച്ച അത്രയും പ്രസിഡന്റ് പദവികൾ അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് പക്ഷത്തിനും കിട്ടിയെന്നത് ചൂണ്ടിക്കാട്ടിയാണ് ‘ക്രിസ്തുവിനും യൂദാസിനും ഒരേ പരിഗണന’ എന്ന പ്രചാരണം എ ഗ്രൂപ് ശക്തമാക്കിയത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിയാലോചനകളൊന്നുമില്ലാതെയാണ് പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും ജില്ലയിലെ എ ഗ്രൂപ് നേതാക്കൾ ആരോപിക്കുന്നു. അതിനിടെ എം.പിമാരായ കെ. മുരളീധരനും എം.കെ. രാഘവനും പട്ടികക്കെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.