കോഴിക്കോട്: ആവിക്കൽ മലിനജല സംസ്കരണ പ്ലാന്റിന്റെ സർവേയടക്കമുള്ള നടപടികൾക്കെതിരെ തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധം. പ്ലാന്റ് നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ വൻ പൊലീസ് കാവലിൽ നടക്കുന്നതിനിടെ സമരസമിതി നേതൃത്വത്തിൽ രാവിലെ ബീച്ച് റോഡ് ഉപരോധവും ഉച്ചക്ക് കോർപറേഷൻ ഓഫിസ് മാർച്ചും നടത്തി. വെള്ളിയാഴ്ച രാവിലെ മുതൽ പരിസരവാസികൾ ആവിക്കൽ തോടിനും സമരസമിതി ഓഫിസിനും മുന്നിൽ എത്തിയിരുന്നു. പത്തു മണിയോടെയാണ് ബീച്ച് റോഡ് ഉപരോധിച്ച് പ്രവർത്തകർ കുത്തിയിരുന്നത്. പ്രതിഷേധം നടത്തിയവരുടെ വിഡിയോ പൊലീസ് പകർത്തിയെന്നാരോപിച്ച് വാക്കേറ്റവുമുണ്ടായി. വ്യാഴാഴ്ച രാവിലെ റോഡ് ഉപരോധം നടത്തിയശേഷം വെള്ളിയാഴ്ച വൈകുന്നേരത്തെ യോഗത്തിന് ശേഷം തുടർ നടപടിയെടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ പ്ലാന്റിനുള്ള സർവേയും മറ്റും തുടരുന്നത് കണ്ട് പ്രവർത്തകർ പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ഡോ.എം.കെ. മുനീർ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കോർപറേഷൻ കൗൺസിലർമാരായ കെ.സി. ശോഭിത, സൗഫിയ അനീഷ് എന്നിവർ സ്ഥലത്തെത്തി. അസി. കമീഷണർമാരായ പി. ബിജുരാജ്, പ്രകാശൻ പടന്നയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവുമെത്തി.
കോർപറേഷൻ ഓഫിസിന് മുന്നിലും പ്രതിഷേധം
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കോർപറേഷൻ ഓഫിസിലേക്ക് സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. കൗൺസിലർമാരായ കെ.സി. ശോഭിത, സൗഫിയ അനീഷ്, കെ.പി. രാജേഷ് കുമാർ, ആവിക്കൽ തോട് ജനകീയ സമരസമിതി കൺവീനർ ഇർഫാൻ ഹബീബ്, മുസ്തഫ കൊമ്മേരി, തൽഹത്ത് വെള്ളയിൽ, കെ. ഷമീർ തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി. ദാവൂദ് അധ്യക്ഷത വഹിച്ചു. ഓഫിസിന് മുന്നിലെ റോഡിലിരുന്നും പ്രതിഷേധക്കാർ തടസ്സമുണ്ടാക്കി. മുക്കാൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.