കോഴിക്കോട്: കോർപറേഷൻ ഭരണത്തിലെ വിവാദങ്ങളൊഴിയാത്തതിൽ മേയർക്ക് മുന്നറിയിപ്പുമായി സി.പി.എം ജില്ല നേതൃത്വം. പ്രതിപക്ഷമടക്കമുള്ളവർക്ക് വടികൊടുത്ത് വിവാദങ്ങളുണ്ടാക്കിവെക്കരുത് എന്നാണ് പാർട്ടി മേയറെ അറിയിച്ചത്.
വേണ്ടത്ര ആലോചനയില്ലാതെ മാധ്യമങ്ങളോടും പൊതുവേദിയിലും കാര്യങ്ങൾ പറയരുത്. വിവാദവിഷയങ്ങളിൽ കൂടിയാലോചനക്കുശേഷമേ പ്രതികരണത്തിന് മുതിരാവൂ. നാക്കുപിഴയും എപ്പോഴും ക്ഷമാപണവും ഒഴിവാക്കണം എന്നീ നിർദേശങ്ങളും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മേയർ ഡോ. ബീന ഫിലിപ്പിന് നൽകി.
മേയറിൽനിന്നുള്ള പ്രസ്താവനകൾ നിരന്തരം വിവാദങ്ങൾക്കിടയാക്കുന്നതായും കോർപറേഷന്റെ വികസനപ്രവർത്തനങ്ങൾക്കുപകരം വിവാദങ്ങൾ മാത്രമാണ് ജനങ്ങൾ ചർച്ചചെയ്യപ്പെടുന്നതെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നിരുന്നു. തുടർന്നാണ് ജില്ല സെക്രട്ടറി മേയർക്ക് മുന്നറിയിപ്പ് നൽകിയത്.
മേയറുടെ ജാഗ്രതക്കുറവും ഉടനടിയുള്ള ഇടപെടലുകളും കൗൺസിൽ യോഗത്തിൽപോലും പലപ്പോഴും ഭരണമുന്നണിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കൗൺസിലർമാരിൽ ചിലർതന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷം വിവാദങ്ങളുണ്ടാക്കുമ്പോൾ പ്രതിപക്ഷത്തിന് വടി നൽകുന്നതായിരുന്നു മേയറുടെ പ്രസ്താവനയും ഇടപെടലുകളും എന്നാണ് പരാതി അറിയിച്ചത്. കോതി, ആവിക്കൽ തോട് എന്നിവിടങ്ങളിൽ മലിനജല സംസ്കരണ പ്ലാന്റുകൾ നിർമിക്കുന്നത് ഉപേക്ഷിച്ചെന്നമട്ടിൽ കഴിഞ്ഞദിവസം മേയറുടെ പ്രതികരണമടക്കം ചേർത്ത് ദൃശ്യമാധ്യമങ്ങൾ വാർത്ത നൽകിയതാണ് ഇതിലെ അവസാനത്തേത്.
ആവിക്കൽതോടിലടക്കം പ്ലാന്റ് സ്ഥാപിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാൻ പാർട്ടി ജില്ല സെക്രട്ടറിയടക്കം പങ്കെടുത്ത യോഗങ്ങൾ സി.പി.എം സംഘടിപ്പിച്ചതാണ്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട കാമ്പയിനുകൾ ചെറിയതോതിലെങ്കിലും പുരോഗമിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് പാർട്ടി വാദങ്ങളെയടക്കം വെട്ടിലാക്കി മേയറുടെ പ്രതികരണമുൾപ്പെടുത്തിയുള്ള വാർത്ത വന്നത്.
ഈ വിഷയം ശ്രദ്ധയിൽപെട്ടപാടെ ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്താൻ പാർട്ടി നിർദേശിച്ചു. ഇതോടെയാണ് തിങ്കളാഴ്ച ഉച്ചയോടെ വാർത്തസമ്മേളനം വിളിച്ച് പദ്ധതിയിൽനിന്ന് കോർപറേഷൻ പിൻവാങ്ങിയില്ലെന്നും അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർമാണം നടക്കാനിടയില്ലെന്നാണ് പറഞ്ഞതെന്നും മേയർ വ്യക്തത വരുത്തിയത്.
പദ്ധതിയുമായി മുന്നോട്ടുപോകാനാണ് പാർട്ടി നൽകിയ നിർദേശം. നേരത്തെ ആവിക്കൽ തോട് നിവാസികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മേയറുടെ പ്രസ്താവനയും വൻ വിവാദമായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ ആർ.എസ്.എസിന്റെ പോഷകസംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനും പിന്നീട് അതിനെ ന്യായീകരിച്ച് ‘ബി.ജെ.പി പരിപാടികളിൽ പങ്കെടുക്കുന്നത് പാർട്ടി വിലക്കിയിട്ടില്ലെന്ന്’ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിനും മേയറിൽനിന്ന് സി.പി.എം വിശദീകരണം വാങ്ങുകയും ചെയ്തിരുന്നു.
അന്ന് ജില്ല സെക്രട്ടറി പി. മോഹനൻ മേയറെ ജില്ല ഓഫിസിലേക്ക് വിളിപ്പിച്ചാണ് നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടത്. തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും പാർട്ടി കൈക്കൊള്ളുന്ന എന്തുനടപടിയും അംഗീകരിക്കുമെന്നുമാണ് അന്ന് മേയർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.