കോഴിക്കോട്: നടപ്പാക്കാനാവാത്ത കോവിഡ് ചട്ടങ്ങൾ അടിച്ചേൽപിച്ച് അധികൃതർ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് കലാകാരൻമാരുടെ കൂട്ടായ്മ. മിക്ക മേഖലക്കും ഇളവുകൾ കൊടുക്കുമ്പോൾ തങ്ങൾക്ക് മാത്രം ജോലിയില്ലാതാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിക് ഇൻസ്ട്രുമെന്റ് പ്ലയേഴ്സ് അസോസിയേഷൻ ചൊവ്വാഴ്ച രാവിലെ 10ന് മാനാഞ്ചിറ എസ്.കെ പ്രതിമക്ക് സമീപം പ്രതിഷധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
സ്റ്റേജ് കലാകാരൻമാരുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്. ക്ഷേത്രങ്ങളിൽ കലാപരിപാടികളിൽ 2500 പേർക്ക് പങ്കെടുക്കാമെന്ന് പ്രഖ്യാപിച്ചത് പ്രതീക്ഷയേറ്റിയെങ്കിലും 72 മണിക്കൂറിനുള്ളിൽ കലാകാരൻമാരും 1500 കാണികളും ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യണം, ജില്ല കലക്ടറെത്തി സ്ഥലം നിശ്ചിത ചതുരശ്രയടിയുണ്ടെന്ന് അളക്കണം തുടങ്ങി നിബന്ധനകൾ പുറത്തുവന്നതോടെ ഒന്നും നടക്കില്ലെന്ന സ്ഥിതിവന്നു.
മറ്റൊരു മേഖലക്കും ഇത്ര അപ്രായോഗികമായ പെരുമാറ്റച്ചട്ടം വെച്ചിട്ടില്ല. തളിപ്പറമ്പിലെ കല്യാണവീട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് കല്യാണത്തിന് ബോക്സ് വെച്ച ഗാനമേള നടത്തരുതെന്ന് പ്രഖ്യാപിച്ചത് പ്രതിഷേധാർഹമാണ്. കള്ളക്കടത്തും മറ്റും പോലെ ഒളിച്ചു ചെയ്യേണ്ടതാണ് കലാപ്രവർത്തനമെന്ന് വന്നു. ഈ സീസൺ മൂന്ന് മാസത്തിനകം തീരാനിരിക്കെ മിക്ക കലാകാരൻമാരും പട്ടിണിയിലാണ്. ഉപകരണങ്ങൾ വാങ്ങിയ കടംപോലും വീട്ടാനാവാതെ ആത്മഹത്യാമുനമ്പിലാണെന്നും ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷൻ സെക്രട്ടറി ശ്രീകാന്ത് ഹരിദാസ്, വൈസ് പ്രസിഡന്റ് അജിത് ബാബു, ട്രഷറർ എം. ഷാജിഷ്, ഷാജി കിഴിശ്ശേരി, റഷീദ് ചാലിയം, റഫീഖ് പള്ളിക്കണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.