നാദാപുരം: താലൂക്ക് ആശുപത്രിയിൽ പൊലീസും സി.പി.എം നേതാക്കളും തമ്മിൽ വാക്കേറ്റവും സംഘർഷവും. പെറ്റി കേസിൽ വാറന്റ് പ്രതികളായ സി.പി.എം പ്രാദേശിക നേതാക്കളെ അറസ്റ്റുചെയ്ത ശേഷം മർദിച്ചുവെന്ന പരാതിയിൽ ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് താലൂക്ക് ആശുപത്രിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വാണിമേൽ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ കെ.പി. രാജനെയും പരിപ്പുപാറയിലെ പ്രാദേശിക നേതാവ് പനയുള്ളതിൽ പവിത്രനെയുമാണ് തിങ്കളാഴ്ച രാത്രി 12ഓടെ വളയം എസ്.ഐയുടെ നേതൃത്വത്തിൽ വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്.
നേരത്തേ ഒരുകേസിൽ പ്രതികളായ ഇരുവരും സമൻസ് ലഭിച്ചിട്ടും ഹാജരാവാത്തതിനെ തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റിനിടെ വളയം സബ് ഇൻസ്പെക്ടറുടെ നേതൃത്തിൽ ഇരുവരെയും മർദിച്ചതായി സി.പി.എം നേതാക്കൾ പറഞ്ഞു. രാത്രി രാജന്റെയും പവിത്രന്റെയും വീട്ടിലെത്തിയ പൊലീസ് മർദിക്കുകയും വലിച്ചിഴച്ചു ജീപ്പിൽ കയറ്റികൊണ്ടുപോവുകയായിരുന്നുവെന്നും വസ്ത്രം മാറാൻപോലും അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു.
രണ്ടുപേരെയും ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെ നാദാപുരം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിവരം അറിഞ്ഞ് സി.പി.എം ഏരിയ നേതാക്കളായ സി.എച്ച്. മോഹനനും ടി. പ്രദീപ്കുമാറും ഏതാനും പ്രവർത്തകരും ആശുപത്രിയിലെത്തി. തുടർന്ന് സംഭവത്തെ ചൊല്ലി പൊലീസുമായി വാക്കേറ്റം നടക്കുകയായിരുന്നു.
എസ്.ഐ മദ്യലഹരിയിലാണെന്നും വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടയിൽ സ്റ്റേഷനിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ എസ്.ഐയുടെ വാഹനം നേതാക്കൾ തടഞ്ഞു. സംഘർഷം മൂർച്ചിച്ചതോടെ മറ്റൊരു വാഹനത്തിലാണ് എസ്.ഐ യാത്രതിരിച്ചത്.
ചൊവ്വാഴ്ച നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിഴ അടച്ചശേഷം കോടതി ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് മർദിച്ചതായി ഇരുവരും മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകി.
കോടതി പുറപ്പെടുവിച്ച വാറന്റ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം ശക്തികേന്ദ്രത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വളയം എസ്.ഐ അനീഷ് വടക്കേടത്ത് പറഞ്ഞു. നേരത്തേ കേസുമായി ബന്ധപ്പെട്ട് പരപ്പുപാറയിൽ എത്തിയപ്പോൾ പൊലീസിനെ ആക്രമിക്കാൻ ശ്രമം നടന്നതായും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.