കോഴിക്കോട്: ഒരു ലോക്ഡൗണിൽ നടുവൊടിഞ്ഞ സ്വകാര്യ ബസ് വ്യവസായം കഷ്ടിച്ച് പ്രതീക്ഷയിലേക്ക് ഉരുളുകയായിരുന്നു. അതിനിടയിലാണ് ചക്രമൊടിക്കാൻ രണ്ടാം ലോക്ഡൗൺ വന്നത്. രണ്ടാം കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാനാവുമെന്ന് പേക്ഷ ഒരു പ്രതീക്ഷയുമില്ല ബസ് മുതലാളിമാർക്കും തൊഴിലാളികൾക്കും. അത്രക്കും ദയനീയമാണ് അവരുടെ അവസ്ഥ. 1200നടുത്ത് സ്വകാര്യ ബസുകളാണ് ജില്ലയിൽ സർവിസ് നടത്തിയത്. ഇതിൽ നാനൂറോളം സിറ്റി സർവിസായിരുന്നു.
ഒരു കാലത്ത് സ്വകാര്യ ബസ് റൂട്ട് ലഭിക്കാൻ ആർ.ടി.ഒ ഓഫിസുകൾ കേന്ദ്രീകരിച്ച് ലോബിയിങ് വരെ നടന്നത് ഇന്ന് വെറും ഓർമ മാത്രമാണ്. ബസ് മുതലാളിയാവുക എന്നത് വലിയ അഭിമാനമായിരുന്ന കാലം കഴിഞ്ഞ് ബസ് മുതലാളിമാരെ കണ്ടാൽ ആളുകൾ സഹതപിക്കുന്ന അവസ്ഥ വരെയെത്തി. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അവർക്കൊരു സ്വകാര്യ ബസ് വാങ്ങിക്കൊടുത്താൽ മതിയെന്ന് തമാശ പറയുന്ന അവസ്ഥ വന്നു. ഒരു ബസ് രണ്ടു ഷിഫ്റ്റുകളിലായി എട്ടു പേർക്കു വരെ ജോലി നൽകിയ കാലം. കണ്ടക്ടറും ഡ്രൈവറുമൊക്കെ താരങ്ങൾകൂടിയായിരുന്നു. ദശകത്തോളമായി ഈ മേഖല ക്ഷീണിച്ചുവരുകയായിരുന്നു. എങ്കിലും ജോലിക്കാർക്ക് നല്ല വേതനവും മുതലാളിക്ക് തെറ്റില്ലാത്ത വരുമാനവും ലഭിച്ചു. ഈ മേഖല വിട്ടുപോവാനാകാത്ത സാഹചര്യമുള്ളവരുമുണ്ടായിരുന്നു. അതിനിടയിലാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത അപകടം കോവിഡിെൻറ രൂപത്തിൽ ബസുകൾക്കു മുന്നിൽ ചാടിവീണത്.
2020 മാർച്ചിലെ രണ്ടു മാസത്തെ ലോക്ഡൗൺ മറ്റ് ഏതു മേഖലയെക്കാളും തളർത്തിയത് സ്വകാര്യ ബസുകാരെയായിരുന്നു. 15 വർഷം കഴിഞ്ഞ ബസുകൾ സർവിസ് നടത്താൻ പാടില്ലെന്ന നിയമം വന്നതോെട മിക്ക ബസുകളും പുത്തനായി റോഡിലിറക്കിയവരാണ് ഭൂരിഭാഗവും. വലിയ ബാങ്ക് ലോണിലാണ് ബസുകൾ ഇറക്കിയത്. പണ്ടൊക്കെ ഒന്നര-രണ്ട് ലക്ഷം രൂപക്ക് പഴയ ബസ് വാങ്ങി കുട്ടപ്പനാക്കി റൂട്ടിലോട്ടിയാൽ വലിയ ലാഭം കൊയ്തിരുന്നു. പുതിയ നിയമം വന്നതോടെ പുതിയ ബസുകൾ 35-40 ലക്ഷം രൂപവരെ ചെലവഴിച്ചാണ് വാങ്ങിയത്. ബാങ്ക് ലോൺ ശരാശരി 60,000 അടക്കാനുണ്ടാവും.
അടിക്കടി ഉയരുന്ന ഇന്ധനവിലയും തൊഴിലാളികൾക്ക് മികച്ച കൂലിയുമൊക്കെ കൊടുക്കുേമ്പാഴേക്ക് രണ്ടറ്റം മുട്ടാൻ പാടുപെട്ട് നീങ്ങുന്നതിനിടയിലേക്കാണ് 2020ൽ കോവിഡ് വന്നുകയറിയത്. കോവിഡ് ആദ്യം മാറ്റിയെടുത്തത് ജനങ്ങളുടെ സഞ്ചാരശീലത്തെയാണ്.
വൈറസിനെ പേടിച്ച് ആളുകൾ പരമാവധി പൊതുഗതാഗതം ഒഴിവാക്കി. റോഡുനിറയെ സ്വകാര്യ വാഹനങ്ങളായി. ഒന്നാം കോവിഡ് കാലത്തിനു പിന്നാലെ സെക്കൻഡ് വാഹനവിപണിയിലടക്കം വലിയ കുതിപ്പുണ്ടായത് ഇതിെൻറ ഭാഗമായിരുന്നു. അതെല്ലാം അതിജയിച്ച് കട്ടപ്പുറത്തുനിന്ന് ഇറങ്ങിയ സ്വകാര്യ ബസുകൾ വീണ്ടും അതേ അവസ്ഥയിലെത്തിയിരിക്കയാണ്. ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലെന്ന് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ. തുളസീദാസ് പറയുന്നു. ഇനി എത്ര പേർ ഈ മേഖലയിലേക്ക് തിരിച്ചുവരുമെന്ന് അറിയില്ല. സർക്കാർ നികുതി അടക്കുന്നതിന് ഒരു മാസംകൂടി സാവകാശം അനുവദിച്ചതാണ്. ലോക്ഡൗൺ കാലത്ത് ആദ്യ ഘട്ടത്തിൽ ചെയ്തപോലെ നികുതി ഒഴിവാക്കാൻ സർക്കാർ സന്നദ്ധമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിൽ പതിനായിരത്തിനടുത്ത് ബസ് തൊഴിലാളികളുണ്ടായിരുന്നു. ഒരു ബസിൽ വിവിധ ഷിഫ്റ്റിൽ എട്ടു പേർക്കാണ് ജോലി. മോശമല്ലാത്ത കൂലിയുള്ള പണി. 1500 രൂപ വരെ ഡ്രൈവർക്ക് കൂലി. അത്രതന്നെ കണ്ടക്ടർക്കും. കലക്ഷനനുസരിച്ച് കിട്ടിയ കാലം. 900 രൂപ പരിചയസമ്പനായ ചെക്കർക്കും അതിനു താഴെ 'കിളി'ക്കും (ക്ലീനർ) കിട്ടി. ഇതു കൂടാതെ ബോണസും അലവൻസും മറ്റ് ബത്തകളുംകൊണ്ട് കുശാലായിരുന്നു ബസിലെ പണി. പ്രതിസന്ധിക്കവലയിലെത്തിയതോടെ ആദ്യം പണി പോയത് ക്ലീനർക്കാണ്.
പിന്നെ ചെക്കറുടെ പണി പോയി. ഷിഫ്റ്റ് പോയി. എട്ടു പേർ ജോലി ചെയ്ത ബസിൽ നാലു പേരായി. പിന്നാലെ രണ്ടു പേരായി. ഇൗ മേഖല വിട്ട് തൊഴിലാളികൾ പോയത് വിവിധ മേഖലകളിലേക്ക്. ഹോട്ടൽപണി, മീൻകച്ചോടം, ബിരിയാണി വിൽപന, മേസൺ പണി തുടങ്ങിയ മേഖലയിലേക്കെല്ലാം ബസ് തൊഴിലാളികൾ പോയി. ഉപജീവനത്തിന് മറ്റു വഴികൾ ഇല്ലാത്തതാണ് കാരണം.
മൂന്നിലൊന്ന് ജീവനക്കാർക്കും ക്ഷേമനിധി ഇല്ലാത്ത അവസ്ഥയാണെന്ന് കോഴിക്കോട് ജില്ല ബസ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി പി.പി. കുഞ്ഞൻ പറഞ്ഞു. പല മുതലാളിമാരുടെ കീഴിൽ ജോലി ചെയ്ത് ക്ഷേമനിധി വിഹിതം അടക്കാൻ ശ്രദ്ധിക്കാതെ നടന്നവർക്കാണ് ഒരു ആനുകൂല്യവും കിട്ടാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ പുതിയ സർക്കാറിന് നിവേദനം നൽകുമെന്നും കോവിഡ് വാക്സിൻ നൽകുന്നതിൽ തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.