വടകര: അഴിയൂരിൽ വിദ്യാർഥിനിയെ ലഹരിമാഫിയ ഉപയോഗപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം. വിദ്യാർഥിനിയുടെ മൊഴിയിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടുന്ന പൊലീസ് പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആക്ഷേപമുയർന്നു. നേരത്തെയും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് ജാഗ്രത പുലർത്തിയില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. നാടിനെ നടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ ഉമ്മറിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തത്. എക്സൈസ് ഇന്റലിജൻസ് നോർത്ത് സോൺ അസി. കമീഷണർ വൈ. ഷിബു പങ്കെടുത്തു.
സംഭവത്തിൽ തുടക്കംമുതൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും സ്കൂളിലെ ദൈനംദിന സംഭവവികാസങ്ങൾ നിരീക്ഷിക്കാൻ വനിത എക്സൈസ് ഓഫിസറെ നിയോഗിച്ചിട്ടുണ്ടെന്നും മേഖലയിൽ മാഹി പൊലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുമെന്നും കമീഷണർ പറഞ്ഞു.
ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പി.പി. നിഷ, കോട്ടയില്‍ രാധാകൃഷ്ണന്, സീനത്ത് ബഷീർ, എ.ടി. ശ്രീധരന്, കെ.വി. രാജന്, പ്രദീപ് ചോമ്പാല, കെ. അൻവർ ഹാജി, കെ.പി. പ്രമോദ്, പി.വി. സുബീഷ്, കെ.പി. വിജയൻ, സാലിം അഴിയൂർ, ഷുഹൈബ് അഴിയൂർ, കെ.പി. പ്രജിത്ത് കുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.