കോഴിക്കോട്: കോർപറേഷൻ വാണിജ്യ സമുച്ചയം പണിയുമെന്ന് പ്രഖ്യാപിച്ച സ്ഥലത്തെ കെട്ടിടത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം പരിസരവാസികൾക്ക് ബുദ്ധിമുട്ട്. മുമ്പ് ശുചീകരണ തൊഴിലാളികൾ താമസിച്ചിരുന്ന 16 സെന്റ് ഭൂമിയിലുള്ള ക്വാർട്ടേഴ്സ് കെട്ടിടം ഇപ്പോൾ ആൾപെരുമാറ്റമില്ലാതായതോടെ മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവരുടെയും മോഷ്ടാക്കളുടെയും താവളമായി. തൊട്ടടുത്ത മൊയ്തു മൗലവി സ്മാരകവും കലയുടെ കെട്ടിടവും മിക്ക സമയവും വിജനമാണെന്നതും ഇവർക്ക് തുണയാവുന്നു. കെട്ടിടത്തിന്റെ വരാന്തയിലും അകത്തും ആളുകൾ പാർക്കുന്നതിന്റെ അടയാളമേറെയുണ്ട്.
ഉപയോഗിച്ച സിറിഞ്ചും മദ്യക്കുപ്പികളും അടുപ്പും തീപ്പെട്ടിയുമെല്ലാം കെട്ടിടവളപ്പിലുണ്ട്. ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും മറ്റും ഇവിടെയാണിപ്പോൾ താൽക്കാലികമായി കൊണ്ടിടുന്നത്. പ്രവേശന കവാടത്തിൽ മാലിന്യചാക്കുകളുള്ളതിനാൽ അകത്ത് ഒളിഞ്ഞിരിക്കാൻ കൂടുതൽ സൗകര്യമാവുന്നു. കെട്ടിടത്തിന്റെ ഒരുഭാഗത്ത് മതിലില്ല. ഉള്ള മതിൽതന്നെ ചാടിക്കടക്കാൻ പാകത്തിലുള്ളതാണ്. തുറന്നു കിടക്കുന്ന മുറികൾക്കുള്ളിൽ വസ്ത്രങ്ങളും പാത്രങ്ങളുമുണ്ട്. കെട്ടിടത്തിന്റെ മുറ്റത്തും സിറിഞ്ചും മദ്യക്കുപ്പിയുമെല്ലാമുണ്ട്. അടുപ്പുകളിൽ ലഹരിമരുന്നുകൾ ചൂടാക്കിയ ലക്ഷണവുമുണ്ട്. പുതിയ കെട്ടിടം പ്രഖ്യാപിച്ചെങ്കിലും അതിന്റെ പണി തുടങ്ങുവോളം പഴയ കെട്ടിടം കൊണ്ടുള്ള ദുരിതം പേറണമോയെന്നാണ് ചോദ്യം.
കോർപറേഷൻ സ്ഥലത്തെ സാമൂഹിക വിരുദ്ധ ശല്യം തിങ്കളാഴ്ച വീണ്ടും മേയറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കൗൺസിലർ കെ. റംലത്ത് പറഞ്ഞു. നേരത്തേ ഇത് കൗൺസിലിൽ ഉന്നയിച്ചിരുന്നു. പരിസരവാസികൾക്ക് വലിയ ബുദ്ധിമുട്ടാണുള്ളത്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല. ലഹരി വിമുക്തിക്കായുള്ള ഒ.എസ്.ടി ക്ലിനിക് തൊട്ടടുത്ത് ബീച്ച് ആശുപത്രി കെട്ടിടത്തിലുള്ളതിനാൽ അത് മറയാക്കിയാണ് പലരും കെട്ടിടം ദുരുപയോഗം ചെയ്യുന്നത്. ഒ.എസ്.ടി ക്ലിനിക്കിലെത്തുന്നവർക്ക് എളുപ്പം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് കടക്കാനാവും.
ജില്ല കലക്ടർ പോളിയോ മരുന്ന് വിതരണ ഭാഗമായി കഴിഞ്ഞ ദിവസം എത്തിയപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരുന്നു. തോപ്പയിൽ ഒ.എസ്.ടി ക്ലിനിക്ക് പറ്റിയ സ്ഥലമുണ്ട്. കെട്ടിടം പൊളിച്ച് കമ്യൂണിറ്റി സെന്റർ വേണമെന്നാണ് വാർഡിൽ നിന്നുയർന്ന ആവശ്യം. ഇപ്പോൾ വാണിജ്യ സമുച്ചയം പ്രഖ്യാപിച്ച സ്ഥിതിക്ക് പഴയ കെട്ടിടം പെട്ടെന്ന് പൊളിച്ചുമാറ്റണമെന്നാണ് ആവശ്യം.
വെള്ളയിൽ കസ്റ്റംസ് റോഡിലുയരുന്ന വാണിജ്യ സമുച്ചയത്തിന് ബജറ്റ് വർഷം തന്നെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കും. വരുമാനമുദ്ദേശിച്ച് നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കമേഴ്സ്യൽ കെട്ടിടം പണിയുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.