കോഴിക്കോട്: ബീച്ച് കസ്റ്റംസ് റോഡ് ഇനി റഷ്യൻ സഞ്ചാരി അഫനാസി നികിതിന്‍റെ പേരിൽ അറിയപ്പെടും. റഷ്യൻ സഞ്ചാരി അഫനാസി നികിതിൻ കോഴിക്കോട് സന്ദർശിച്ചതിന്റെ 550ാം വാർഷികം, ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്‍റെ 75ാം വാർഷികം എന്നിവയുടെ ആഘോഷത്തിന്‍റെ ഭാഗമായാണ് റോഡിന്‍റെ പേര് മാറ്റിയത്. കോഴിക്കോട് നഗരവും റഷ്യയിലെ ത്വെർ നഗരവുമായി ചേർന്ന് ട്വിൻ സിറ്റി ആശയത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. പേരുമാറ്റൽ ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പും റഷ്യൻ അസോസിയേഷൻ ഫോർ ഇന്‍റർനാഷനൽ കോഓപറേഷൻ ചെയർമാൻ ഡോ. സെർജി കലാഷ്‌നിക്കോവും ചേർന്ന് നിർവഹിച്ചു. ഇതിന്‍റെ ഭാഗമായി അടുത്തവർഷം കസ്റ്റംസ് റോഡ് പരിസരത്ത് ഭക്ഷ്യോത്സവം നടത്തുമെന്ന് മേയർ പറഞ്ഞു. ബിനോയ് വിശ്വം എം.പി മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഡോ. എസ്. ജയശ്രീ, പി. ദിവാകരൻ, പി.കെ. നാസർ, ഒ.പി. ഷിജിന, കൗൺസിലർമാരായ എം.പി. ഹമീദ്, എം. ബിജുലാൽ, കെ. സുരേഷ്, ദക്ഷിണേന്ത്യയിലെ റഷ്യൻ ഫെഡറേഷന്‍റെ കോൺസുൽ ജനറൽ ഒലീഗ് അവ് ദീവ്, റഷ്യ- ഇന്ത്യ ഫ്രണ്ട്ഷിപ് അസോസിയേഷൻ പ്രതിനിധി ഇവ്ജിനി ഷിൽനിക്കോവ്, ഇന്ത്യ-റഷ്യ ഫൗണ്ടേഷൻ എക്‌സിക്യൂട്ടിവ് സീനിയർ വൈസ് പ്രസിഡന്‍റ് സുധീർ പാൽ സബാർവാൽ, തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് സി. നായർ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.