കോഴിക്കോട്: ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല, എല്ലാ ചരാചരങ്ങൾക്കും അത് അകാശപ്പെട്ടതാണെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചിന്തയിലൂന്നിയാണ് ദീപക് പൗലോസ് ചിത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. 'ഇക്കോസ് ഓഫ് ദി എബ്സല്യൂട്ട്' എന്ന പേരിൽ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച ദീപകിന്റെ ചിത്രപ്രദർശനം ആശയത്തനിമകൊണ്ട് ശ്രദ്ധേയമാവുകയാണ്. മനുഷ്യന് പ്രകൃതിയിൽ സൗകര്യപ്രദമായ ഇടമൊരുക്കി സന്തോഷം കണ്ടെത്തിക്കൊടുക്കുന്നതോടൊപ്പം അവിടെ പക്ഷിമൃഗാദികളുടെ സാന്നിധ്യവും ദീപക് ചിത്രങ്ങളിൽ ഉറപ്പാക്കുന്നു.
തന്റെ സുഹൃത്തുക്കളുടെ ജീവിതവും പ്രകൃതിയുമായുള്ള അവരുടെ ഇടപെടലുമെല്ലാം ചിത്രങ്ങളിലേക്ക് പകർത്തി. ജനനവും മരണവും മാത്രമല്ല, സമയത്തെ അടയാളപ്പെടുത്തുന്നത്. ഇതിനിടയിൽ ദ്രവിക്കലും നശിക്കലും വരുന്നുണ്ടെന്ന ആശയം പ്രകൃതിയിലെ ഓരോ പുൽനാമ്പിനേയും ചിത്രീകരിച്ച് ദീപക് വ്യക്തമാക്കുന്നു. അക്രലിക്, വാട്ടർ കളർ, ഗോഷ്, ഓയിൽ എന്നിവയിലാണ് ജീവൻതുടിക്കുന്ന ചിത്രങ്ങൾ ദീപക് ഒരുക്കിയത്. തൃശൂർ സ്വദേശിയായ ഈ ഇരുപത്തിയേഴുകാരൻ ബറോഡയിലും കൊൽക്കത്തയിലുമടക്കം നിരവധി സംസ്ഥാനങ്ങളിൽ സംഘ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്.
ദീപകിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനമാണ് ആർട്ട് ഗാലറിയിലേത്. തൃശൂർ ഗവ.കോളജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് ബി.എഫ്.എയും ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽനിന്ന് എം.എഫ്.എയും പൂർത്തീകരിച്ചു. ഫെബ്രുവരി 10ന് പ്രദർശനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.