എകരൂൽ: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ ഉണ്ണികുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഓവുചാലിന് സ്ലാബ് ഇല്ലാത്തത് കാൽനടക്കാർക്ക് ഭീഷണിയാവുന്നു.
വാഹനങ്ങൾ പോകുമ്പോൾ ഓവുചാലിന് അടുത്തുകൂടിയാണ് കാൽനടക്കാർ പോകേണ്ടത്. സ്ലാബിടാത്തതിനാൽ ഓവുചാലിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായിട്ടുണ്ട്. ഓവുചാൽ തുറന്നുകിടക്കുന്നതിനാൽ ഇതിലൂടെ നടന്നുപോകാനാകില്ല.
ഇതുകാരണം യാത്രക്കാർ റോഡിലേക്ക് ഇറങ്ങി സഞ്ചരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. റോഡിന് സമാന്തരമായി ഓവുചാൽ നിർമാണം പൂർത്തിയാക്കിയ ചില സ്ഥലങ്ങളിൽ കലുങ്കുപണി പൂർത്തിയാകാത്തതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയും നിലവിലുണ്ട്. കാലവർഷം ശക്തമായതോടെ എകരൂൽ അങ്ങാടിയിൽ ഇയ്യാട് റോഡ് ജങ്ഷനിൽ വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നുണ്ട്.
ഇയ്യാട് റോഡിനു കുറുകെ കലുങ്ക് നിർമിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവൂ. എകരൂൽ, എസ്റ്റേറ്റ് മുക്ക്, പൂനൂർ അങ്ങാടികളിലെ ഓടകൾ പൂർണമായും സ്ലാബിട്ട് മൂടണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണ സമിതി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനിൽകുമാർ എകരൂൽ അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.