മിഠായിത്തെരുവിൽ കുടിവെള്ളം പുനഃസ്ഥാപിച്ചില്ല; കോർപറേഷൻ ഇടപെടണമെന്ന് ജല അതോറിറ്റി

കോഴിക്കോട്: മിഠായിത്തെരുവിൽ ഓടകളിൽ മാലിന്യം നിറഞ്ഞതുകാരണം കുടിവെള്ള പൈപ്പ് നന്നാക്കാനാവാത്തതുസംബന്ധിച്ച് ജല അതോറിറ്റി, കോർപറേഷന് കത്തയച്ചു. ഓടകളിലെ മാലിന്യം നീക്കാൻ അടിയന്തര നടപടി വേണമെന്നുകാണിച്ച് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർക്കാണ് വ്യാഴാഴ്ച കത്ത് നൽകിയത്.

പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഓടകളിലെ മാലിന്യം പൂർണമായി നീക്കാൻ കോർപറേഷൻ പദ്ധതി തയാറാക്കിയെങ്കിലും കരാറെടുക്കാൻ ആളെത്താത്തതിനാൽ നീണ്ടുപോവുകയാണ്. 10.8 ലക്ഷം രൂപയുടേതാണ് പദ്ധതി. കോർപറേഷൻ തനതു ഫണ്ടിൽനിന്നാണ് പണം ഉപയോഗിക്കുന്നത്.

കരാറുകാരുടെ സമരവും ഏറ്റെടുക്കാൻ ആളെത്താതിരിക്കാൻ കാരണമാണെന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ അറിയിച്ചു. പുറത്തുനിന്ന് കുടിവെള്ളം എത്തിക്കുകയാണ് ഇപ്പോൾ കച്ചവടക്കാർ ചെയ്യുന്നത്.

മിഠായിത്തെരുവിലെ ഏതാനും ഉപഭോക്താക്കൾക്ക് മൂന്നാഴ്ചയിലേറെയായി വെള്ളം കിട്ടാത്ത അവസ്ഥയാണെന്ന് ജല അതോറിറ്റി കോർപറേഷന് നൽകിയ കത്തിൽ പറയുന്നു. ഓടകൾ നിറഞ്ഞതിനാൽ ജോലി ചെയ്യാനാവാത്ത സ്ഥിതിയാണ്.

ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനെ സമീപിച്ചപ്പോൾ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെരുവ് നവീകരണം കഴിഞ്ഞ് കോർപറേഷന് കൈമാറിയെന്നാണ് അറിയിച്ചത്. ഓടകളിൽനിന്ന് ദുർഗന്ധം വമിക്കുന്നതിനാലും ഇക്കാരണത്താൽ പൊതുജനങ്ങൾ അവിടെ അറ്റകുറ്റപ്പണി നടത്തുന്നത് തടയുന്നതിനാലും അടിയന്തരമായി മാലിന്യം നീക്കണമെന്നാണ് ജല അതോറിറ്റിയുടെ ആവശ്യം.

200 മീറ്റർ നീളത്തിൽ ഇന്‍റർലോക്ക് പൊളിച്ച് തടസ്സം നീക്കിയാലേ കുടിവെള്ള വിതരണം പുനരാരംഭിക്കാനാവൂ. 2017 ഡിസംബർ 23നാണ് നവീകരിച്ച തെരുവ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്.

തെരുവ് നോക്കാനും അറ്റകുറ്റപ്പണി അപ്പപ്പോൾ ചെയ്യാനുമുള്ള സംവിധാനം വരുമെന്ന് പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല. മിഠായിത്തെരുവ് മുതല്‍ മൊയ്തീന്‍പള്ളി റോഡ് വരെയുള്ള സ്ലാബുകൾ പൊട്ടിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടിവരും.

ടൈലുകളും മറ്റും ഇനിയും മാറ്റണം. ജല അതോറിറ്റി പൈപ്പുകൾ നന്നാക്കുന്നതിനിടെ തെരുവിലെ ചിത്രത്തൂൺ വീണുതകർന്നിരുന്നു. സ്ലാബിൽ ടൈൽസ് പതിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം പൊളിച്ചതിന് ശേഷമേ സ്ലാബ് നീക്കി പരിശോധന നടത്താൻ കഴിയുകയുള്ളൂ എന്നതാണ് നിലവിലെ അവസ്ഥ. ജല അതോറിറ്റി വിതരണ ലൈനിനോടുചേർന്ന് നേരത്തെ മാൻഹോൾ ഉണ്ടായിരുന്നുവെങ്കിലും മിഠായിത്തെരുവ് നവീകരിച്ചതോടെ ഇതെല്ലാം മൂടിപ്പോയി.

Tags:    
News Summary - Drinking water was not restored in mittayitheruvu-The water authority wants the corporation to intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.