കോഴിക്കോട്: വിദേശത്തുനിന്ന് പാർസലായി സംസ്ഥാനത്തേക്ക് ലഹരി കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് മാങ്കാവ് സ്വദേശി ഫാത്തിമാസിൽ കെ. ഫസലുവിനെയാണ് (34) കോഴിക്കോട് എക്സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.435 കിലോഗ്രം ഹഷീഷ് ഓയിൽ, 83 എൽ.എസ്.ഡി സ്റ്റാമ്പ്, 3.15 ഗ്രാം കൊക്കെയ്ൻ, 2.74 ഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു.
ബുധനാഴ്ച പകലായിരുന്നു ഫസലുവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ചൊവ്വാഴ്ച കൊച്ചിയിലെ കൊറിയർ സ്ഥാപനത്തിലെത്തിയ ചില പാർസലുകൾ എക്സൈസ് പരിശോധിച്ചപ്പോൾ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഒമാൻ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നയച്ച പാർസലുകളിൽ എൽ.എസ്.ഡി സ്റ്റാമ്പാണ് കണ്ടെത്തിയത്. പാർസലുകളിലൊന്ന് ഫസലുവിന്റെ പേരിലാണെന്ന് വ്യക്തമായതോടെ കോഴിക്കോട്ടെ എക്സൈസുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിൽ പരിശോധന നടത്താൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് ലഹരി പിടികൂടിയതും അറസ്റ്റിലായതും. ഇയാളുമായി ബന്ധമുള്ള ചിലരെയടക്കം എക്സൈസ് തിരയുന്നുണ്ട്. പ്രതി നേരത്തേയും ലഹരികേസിൽ ഉൾപ്പെട്ടതായാണ് എക്സൈസ് നൽകുന്ന സൂചന. പിടികൂടിയ ലഹരിവസ്തുക്കൾക്ക് 80 ലക്ഷം മുതൽ ഒരുകോടി രൂപ വരെ വിലവരും. സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ത് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ രിഷിത്ത്, ദിലീപ് കുമാർ, നിതിൻ, യോഗേഷ് ചന്ദ്ര, മുഹമ്മദ് അബ്ദുൽ റഊഫ്, മഞ്ജുള എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.