കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നു സുരക്ഷ ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കേസിൽ രണ്ടു പ്രതികളെ ഒരുമാസമായിട്ടും പിടികൂടാനായില്ല.
ഇരിങ്ങാടൻ പള്ളി സ്വദേശി പി.എസ്. നിഖിൽ, കോവൂർ സ്വദേശി കെ. ജിതിൻലാൽ എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്. കേസിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉൾപ്പെടെ അഞ്ചുപേർ നേരത്തേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇവർ വിവിധ കോടതികളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയതോടെ ബാക്കിയുള്ളവർ കീഴടങ്ങുന്നതിൽനിന്ന് പിന്മാറുകയായിരുന്നു എന്നാണ് സൂചന. അതേസമയം, സി.പി.എമ്മിൽനിന്നുള്ള സമ്മർദത്താലാണ് ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് കാര്യമായ അന്വേഷണം നടത്താത്തത് എന്ന വിമർശനവും വിവിധ കോണുകളിൽനിന്നുയർന്നിട്ടുണ്ട്.
കോൺഗ്രസ്, ബി.ജെ.പി, മുസ്‍ലിംലീഗ് എന്നിവർക്കൊപ്പം സെക്യൂരിറ്റി ജീവനക്കാരുടെ വിവിധ സംഘടനകളും ഈ ആരോപണവുമായി രംഗത്തുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാറുണ്ട്.
എന്നാൽ, ഈ കേസിൽ ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ഇത്തരത്തിലുള്ള നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പ്രതികൾക്കായി വിവിധയിടങ്ങളിൽ അന്വേഷണം നടത്തിവരുകയാണെന്നാണ് കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസ് പറയുന്നത്.
നേരത്തേ അന്വേഷണം കാര്യക്ഷമമാക്കിയപ്പോൾ സി.പി.എം, ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വവും സിറ്റി പൊലീസ് മേധാവി എ. അക്ബറിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പിന്നാലെയാണ് അന്വേഷണം മന്ദഗതിയിലായത്.
ശിക്ഷാനിയമം 323 (ബോധപൂർവം പരിക്കേൽപ്പിക്കൽ), 341 (അന്യായമായി തടഞ്ഞുവെക്കൽ), 332 (പൊതുസേവകനെ ആക്രമിക്കൽ), 347 (തടഞ്ഞുവെക്കൽ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ആഗസ്റ്റ് 31നാണ് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാർക്കും മാധ്യമ പ്രവർത്തകനും നേരെ ആക്രമണമുണ്ടായത്.
കോഴിക്കോട്: മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് തുടരുന്ന അലംഭാവത്തിനെതിരെ വിമുക്തഭന്മാരുടെ സംഘടനയായ എക്സ് സർവിസ് ലീഗ് സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുന്നു.
സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികൾ പൊലീസിന് മുന്നിലൂടെ നിർഭയം നടക്കുകയാണെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്നും എക്സ് സർവിസ് ലീഗ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രതികളെ പൊലീസ് പിടിക്കുകയായിരുന്നില്ല. അവർ സ്വമേധയാ കീഴടങ്ങുകയായിരുന്നു. രണ്ടുപേരെ ഇനിയും പിടികൂടാനുമുണ്ട്. ഭരണസ്വാധീനത്തിന്റെ ഹുങ്കിൽ വിലസുന്ന അവരെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. രണ്ടാംഘട്ട സമരമെന്ന നിലയിൽ ഒക്ടോബർ രണ്ടിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും സമരസംഗമങ്ങൾ നടത്തും. 15ാം തീയതി കോഴിക്കോട് കിഡ്സൺ കോർണറിൽ സായാഹ്ന ധർണ നടത്തും.
17ന് രാവിലെ 11 മണിക്ക് സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് ധർണ നടത്തും. വിമുക്തഭടന്മാരുടെ തൊഴിലിനും ജീവനും സുരക്ഷയൊരുക്കാൻ സർക്കാർ സന്നദ്ധമാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ലഫ്. കേണൽ ജയദേവൻ, സെക്രട്ടറി പി. പ്രകാശൻ, വൈ. പ്രസിഡന്റ് പി. ജയരാജൻ, ഓർഗനൈസിങ് സെക്രട്ടറി സി.പി. ദേവൻ, ബാലൻ നായർ, അജിത് കുമാർ ഇളയിടത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.