എലത്തൂർ: പേപ്പട്ടിയുടെ കടിയേറ്റ് എട്ടുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് തെരുവിൽ അലഞ്ഞ നായ് ആളുകളെ കടിച്ചത്. സ്കൂളിലേക്ക് മകനെ ബസ് കയറ്റാൻ വന്ന വീട്ടമ്മക്കാണ് ആദ്യം കടിയേറ്റത്. ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസിയായ സ്ത്രീക്കും കടിയേറ്റു. തുടർന്ന് ഭീതിപരത്തി ഓടിയ നായ് സമീപത്തുണ്ടായിരുന്ന രണ്ടുപേരെ കൂടി കടിച്ച് ഓടി മറയുകയായിരുന്നു.
മാട്ടുവയൽ, അഴീക്കൽ ഭാഗങ്ങളിലെത്തിയ നായ് നാലുപേരെ കൂടി കടിച്ചു. തെരുവിൽ അലഞ്ഞ മറ്റ് നായ്ക്കളെയും ആക്രമിച്ചതായി പറയുന്നു. നായുടെ ആക്രമണത്തെ തുടർന്ന് പൂളക്കടവിലെ എ.ബി.സി സെന്ററിൽ നിന്നും ജീവനക്കാരെത്തി പിടികൂടാൻ ശ്രമം തുടങ്ങി. വൈകീട്ടോടുകൂടി അവശയായ നായ് കോട്ടോത്തു ബസാറിൽ തളർന്നുകിടക്കുന്ന വിവരമറിഞ്ഞ് എത്തിയവർ നായെ പിടികൂടി ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പേവിഷബാധയുള്ളത് സ്ഥിരീകരിച്ചത്. ആറുപേർ ബീച്ചാശുപത്രിയിലും രണ്ടുപേർ മെഡിക്കൽ കോളജിലും ചികിത്സതേടി. മറ്റ് ജീവികളെ ആക്രമിച്ചെന്ന സംശയത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.