കൊടിയത്തൂർ: നെല്ലിക്കാപറമ്പ് എയര്‍പോര്‍ട്ട് റോഡില്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട വയോധികയുടെ കുടുംബം നീതി തേടുന്നു. ഏപ്രില്‍ 26ന് വൈകീട്ട് 5.30നാണ് കാല്‍നടയാത്രക്കാരി പുവ്വാട്ട് ഇണ്ണിച്ചി (78) വാഹനമിടിച്ച് കൊല്ലപ്പെട്ടത്. വാഹനം നിർത്താതെ പോയതിനാൽ പ്രതികളെ തിരിച്ചറിയാനായില്ല.
സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞെങ്കിലും പ്രതികള്‍ക്കായുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. പ്രതികളെ ഉടന്‍ കണ്ടെത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാണ് ആവശ്യം. എയര്‍പോര്‍ട്ട് റോഡില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പരിശോധിച്ചാല്‍ പ്രതിയെ പിടികൂടാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാഹനത്തിന്റെ ചക്രങ്ങള്‍ തലയില്‍ കയറിയിറങ്ങി സംഭവസ്ഥലത്തുവെച്ച് മരണം സംഭവിച്ചിരുന്നു. മൃതദേഹം അരമണിക്കൂറോളം റോഡില്‍ കിടന്നു. നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെ ആംബുലന്‍സെത്തിയാണ് നാട്ടുകാര്‍ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മുക്കം പൊലീസ് സ്റ്റേഷനില്‍ അന്നുതന്നെ പരാതി നല്‍കിയെങ്കിലും ആരും തന്നെ ഇന്നേവരെ അന്വേഷിക്കാനെത്തിയിട്ടില്ലെന്നും നീതി ലഭിക്കണമെന്നും മക്കളായ തങ്ക, ജാനകി, വാസു, നാരായണന്, ശോഭന, ശ്രീമതി, സുരേഷ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.