കോഴിക്കോട്: വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ പുതിയപാലത്ത് പൈപ്പ് പൊട്ടി കുടിവെള്ളവും ഗതാഗതവും മുടങ്ങി. ഒരാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ ചോർച്ച അടച്ചിട്ടില്ല. ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാവുമ്പോൾ പ്രദേശവാസികൾ കുടിവെള്ളം കിട്ടാതെ നേട്ടോട്ടത്തിലാണ്. വാട്ടർ അതോറിറ്റിയുടെ കല്ലുത്താൻ കടവ്-മൂരിയാട് വരെയുള്ള പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്ന പ്രവൃത്തിക്കിടെയാണ് പുതിയപാലത്ത് പൈപ്പ് പൊട്ടിയത്. പൈപ്പ് ചോർച്ച കണ്ടെത്താൻ കഴിഞ്ഞദിവസം പുതിയ പാലത്ത് റോഡ് കുറുകെ വെട്ടിപ്പൊളിക്കുകകൂടി ചെയ്തതോടെ പ്രദേശവാസികൾ ഒറ്റപ്പെട്ടനിലയിലാണ്.
റോഡിന്റെ മറുഭാഗത്തുള്ളവർക്ക് നഗരത്തിലേക്കുള്ള വഴി തടസ്സപ്പെട്ടിരിക്കുകയാണ്. തളിഅമ്പലം, എൻ.എസ്.എസ് സ്കൂൾ, സാമൂതിരി സ്കൂൾ, പള്ളി, മദ്റസ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് എത്തുന്നതിനുള്ള ഏക ആശ്രയമായ റോഡാണ് കുറുകെ വെട്ടിപ്പൊളിച്ചിരിക്കുന്നത്. നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് ദിനംപ്രതി നിരവധി ആംബുലൻസുകൾ കടന്നുപോകുന്ന റോഡ് കൂടിയാണിത്.
കുടിവെള്ളവും ഗതാഗതവും പുനഃസ്ഥാപിക്കുന്നതിന് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇതിന് തയാറാവുന്നില്ല. സ്ഥിതിഗതികൾ ഏറെ ദുഷ്കരമായിട്ടും വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജയിൽ റോഡ് ചെമ്പകം താഴം യൂനിറ്റ് യോഗം അവശ്യപ്പെട്ടു. പ്രസിഡന്റ് റാഷിദ് തങ്ങൾ ആധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് നാസർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പ്രഭാകരൻ സ്വാഗതം പറഞ്ഞു. ട്രഷറർ രാജ ഗോപാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.