കോഴിക്കോട്: ഓരോ മഴയുടെ തുടക്കവും മാവൂർ റോഡിന് ഒഴിഞ്ഞുപോവാത്ത ദുരിതമാണ്. എത്രയോ കാലങ്ങളായ തുടർക്കഥ. ഒരിടവേളക്കുശേഷം വീണ്ടും കാലവർഷം സജീവമായപ്പോൾ കാര്യങ്ങളെല്ലാം പഴയപടി. മഴ പെയ്തു. ഓടകൾ നിറഞ്ഞു. അസഹ്യമായ മാലിന്യങ്ങൾ റോഡിലെങ്ങും പരന്നൊഴുകി. കാൽനടക്കാരുടെ ശരീരത്തും വാഹനങ്ങളിലും മഞ്ഞനിറത്തിൽ തെറിച്ചുവീഴുന്ന മാലിന്യങ്ങൾ. ബുധനാഴ്ച രാത്രി നിർത്താതെ മഴ പെയ്തപ്പോൾ മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും സിഗ്നൽ ജങ്ഷനുമിടയിൽ റോഡിൽ പരന്നൊഴുകിയ എണ്ണ കലർന്ന മഞ്ഞ നിറമുള്ള മാലിന്യത്തിൽ നിന്നുമായിരുന്നു അസഹ്യഗന്ധം. റോഡ് നിറഞ്ഞ മഴവെള്ളത്തിൽ യു.കെ ശങ്കുണ്ണി റോഡിലും ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലുമെല്ലാം ഈ മാലിന്യമെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സിഗ്നൽ ജങ്ഷനിൽ ഒഴുകി തളംകെട്ടി കിടക്കുന്ന അവസ്ഥയുമുണ്ടായി.
മാവൂർ റോഡിലെ ഹോട്ടലുകളിൽ നിന്നും സർവിസ് സെന്ററിൽനിന്നും ഓടകളിലേക്ക് തുറന്നുവിടുന്ന മാലിന്യമാണ് മഴയിൽ കുതിർന്ന് നടുറോഡിലെത്തുന്നതെന്ന ആക്ഷേപം നേരത്തെയുണ്ട്. നഗരസഭാധികൃതർ തന്നെ ഇത് പരിശോധിച്ചെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല. ഇടവേളക്ക് ശേഷം മഴ പെയ്യുമ്പോഴൊക്കെ ഈ പരിപാടി തുർന്നും പോരുന്നു. കനത്ത മഴയുടെ ശക്തിയിൽ ഓടയിലെ മാലിന്യങ്ങൾ ഒട്ടൊന്നൊഴിയുമ്പോൾ ഈ മാലിന്യപ്രശ്നം ജനം മറക്കുകയും ചെയ്യും.
കോഴിക്കോട്: ഒന്നാഞ്ഞ് പെയ്താൽ പതിവുപോലെ മുങ്ങുന്ന റോഡായിരുന്നു പാവമണി റോഡ്. ഈ മഴദുരിതം തുടർക്കഥയായപ്പോൾ നാട്ടുകാർ ‘പാവമാണീ റോഡ്’ എന്ന് കളിയാക്കുക പോലുമുണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ റോഡ് ഉയർത്തുകയും നവീകരണ പ്രവൃത്തികൾ നടത്തുകയും ചെയ്തിരുന്നു. അങ്ങനെ ഒട്ടൊന്ന് ഒതുങ്ങിയെന്ന് കരുതിയ വെള്ളക്കെടുതി ഇപ്പോൾ സ്ഥലം മാറിയിരിക്കുകയാണ്. സ്റ്റേഡിയത്തിനു മുന്നിലെ രാജാജി റോഡിൽനിന്നും ചിന്താവളപ്പിലേക്കുള്ള റാംമോഹൻ റോഡിലേക്ക് സ്ഥലംമാറ്റം കിട്ടിയിരിക്കുകയാണ് വെള്ളക്കെട്ടിന്. വാഹനങ്ങളുടെ ബോണറ്റും സൈലൻസറുമൊക്കെ മുങ്ങിപ്പോകുന്ന വിധത്തിലായിരുന്നു വെള്ളക്കെട്ട്. രാവിലെ മുതൽ നിർത്താതെ പെയ്ത മഴയിൽ ഈ ജങ്ഷനിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നിരവധി സ്കൂട്ടറുകളും ബൈക്കുകളും വെള്ളക്കെട്ടിനു നടുവിൽ നിലച്ചുപോയി. കാറുകൾ പണിപ്പെട്ടാണ് മറുകര താണ്ടിയത്. ഈ പ്രദേശത്തെ ഓട നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിനു കാരണം. മഴ കനക്കുമ്പോഴൊക്കെ വെള്ളക്കെട്ടും പതിവാകുന്നത് അതുകൊണ്ടാണ്. ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡ്, കോറണേഷൻ തിയറ്ററിനു മുന്നിൽനിന്നും മുതലക്കുളത്തേക്കുള്ള ഇടവഴി തുടങ്ങിയ വഴികളിലും വ്യാഴാഴ്ച വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തിരുത്തിയാട് പോലുള്ള നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.