കോഴിക്കോട്: പനി അടക്കം പകർച്ചവ്യാധികളുടെ പിടിയിലകപ്പെട്ട് ജില്ല. പകർച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഈ മാസം ഒമ്പതിന് 1330 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. കൂടാതെ എലിപ്പനി, മലേറിയ, ഷിഗെല്ല, എച്ച്1 എൻ1 പകർച്ച വ്യാധികൾ ബാധിക്കുന്നവരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു.
ഒമ്പതിന് 30 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. എലിപ്പനിബാധിച്ച് മൂന്നുപേർക്ക് ചികിത്സ തേടുകയും ഒരാൾ മരിക്കുകയും ചെയ്തു. കുരുവട്ടൂരിൽ 68കാരനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. അഞ്ചാം തീയതിയായിരുന്നു ഇയാളുടെ മരണം. അഞ്ചുപേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. കൊടുവള്ളിയിൽ 49 കാരന്റെ മരണവും മഞ്ഞപ്പിത്തം ബാധിച്ചാണെന്ന് സംശയമുണ്ട്. എട്ടിന് 1390 പേരാണ് പനിക്ക് ചികിത്സ തേടിയത്. 34 പേർ ഡെങ്കിപ്പനിയും മൂന്നു പേർ എലിപ്പനിയും ബാധിച്ച് ചികിത്സ തേടിയപ്പോൾ 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.
ആറിന് 1239 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ എത്തിയത്. ഡെങ്കിപ്പനി ബാധിച്ചും സംശയിച്ചും 67 പേരും ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി. 15 പേർ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്തു. അഞ്ചിന് 1092 പേരാണ് പനിക്ക് ചികിത്സ തേടിയത്. 42 പേർ ഡെങ്കിപ്പനിക്കും ചികിത്സ തേടി. ആറുപേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
മെഡിക്കൽ കോളജ് ആശുപത്രി അടക്കം സർക്കാർ ആശുപത്രികളിൽ കിടക്കകൾ കിട്ടാതെ രോഗികൾ വരാന്തയിൽ പായ് വിരിച്ചാണ് കിടക്കുന്നത്. സ്വകാര്യ ആശുപത്രികളിലും വാർഡുകളും റൂമുകളും നിറഞ്ഞുകവിഞ്ഞു. പല സ്വകാര്യ ആശുപത്രികളും അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പനി ക്ലിനിക്കുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വൈറൽ പനിയുമായാണ് കൂടുതൽ പേരും ആശുപത്രിയിൽ എത്തുന്നത്. പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ആശുപത്രികളിൽ മൂന്നാഴ്ച മുമ്പ് 400ൽ താഴെ പേരായിരുന്നു പനി ബാധിതരായി സർക്കാർ ആശുപത്രികളിൽ എത്തിയിരുന്നത്. മഴ തുടങ്ങിയതോടെ ഇത് വർധിക്കുകയായിരുന്നു. വിദ്യാർഥികളിൽ പനി പകരുന്നതിനാൽ സ്കൂളുകളിൽ ഹാജർ നില കുറവാണെന്ന് അധ്യാപകർ പറയുന്നു. പനി ലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കരുതെന്ന് അധ്യാപകർ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.