കോഴിക്കോട്: കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടത്തിൽനിന്ന് അഗ്നിരക്ഷാസേനയെ രക്ഷപ്പെടുത്തുന്നത് നീളുന്നു. സേനയുടെ ബീച്ച് യൂനിറ്റിനെ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽനിന്ന് മാറ്റുന്നതാണ് ഇതുവരെ പൂർത്തിയാവാത്തത്. നിലവിലെ കെട്ടിടം ശോച്യാവസ്ഥയിലായതോടെ ബീച്ച് ഫയർ സ്റ്റേഷനെ വെള്ളയിലെ ഫിഷറീസ് മേഖല ഓഫിസ് വളപ്പിലെ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു നീണ്ട ചർച്ചകൾക്കും കത്തിടപാടുകൾക്കും ശേഷം ജില്ല കലക്ടർ എ. ഗീത ഉത്തരവിട്ടത്. തുടർന്ന് ഒരു യൂനിറ്റ് ഇവിടേക്ക് മാറിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാവാത്തതാണ് പ്രതിസന്ധിയായത്. താൽക്കാലിക ഗാരേജ് അടക്കം സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫിഷറീസ് വകുപ്പ് ഉടക്കിടുന്നു എന്നാണ് പരാതി.
വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടാക്കുന്നതിൽ ജില്ല ഭരണകൂടവും വേണ്ടത്ര ശ്രദ്ധിക്കാത്തതോടെ ബീച്ച് ഫയർസ്റ്റേഷന്റെ പ്രവർത്തനമിപ്പോൾ രണ്ടിടങ്ങളിലാണ്. ഇതോടെ സ്വന്തം കെട്ടിടംതന്നെ തലയിലേക്ക് ഇടിഞ്ഞുവീഴുമെന്ന ഭീഷണിയിലാണ് ഭൂരിഭാഗം അഗ്നിരക്ഷാസേനാംഗങ്ങളും ജോലി ചെയ്യുന്നത്.
അമ്പതിലേറെ ജീവനക്കാരുള്ളതിനാൽ ആവശ്യമായത്ര ശുചിമുറികൾ നിർമിക്കാനും കെട്ടിടത്തിന് പുറത്ത് ഒഴിഞ്ഞ ഭാഗത്ത് ഫയർ എൻജിൻ വാഹനങ്ങൾ നിർത്തുന്നതിന് താൽക്കാലിക ഗ്യാരേജ് നിർമിക്കാനുമാണ് ഇതുവരെ നടപടിയാവാത്തത്. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും ഉടമസ്ഥരായ ഫിഷറീസ് വകുപ്പ് അനുമതി നൽകാത്തതാണ് പ്രതിസന്ധിയെന്നാണ് അഗ്നിരക്ഷാസേനയിലെ ജീവനക്കാർ പറയുന്നത്. പൈതൃക കെട്ടിടമായതിനാൽ അറ്റകുറ്റപ്പണി നടത്താനാവില്ല. മഴക്കുശേഷം കെട്ടിടം ഒഴിഞ്ഞുതരണമെന്നതടക്കമുള്ള വാദങ്ങൾ നിരത്തിയാണ് അഗ്നിരക്ഷാസേനയെ ഫിഷറീസ് വകുപ്പ് പിന്തിരിപ്പിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതുവരെ താൽക്കാലികമായി കെട്ടിടം നൽകാമെന്ന് വാഗ്ദാനം ചെയ്തതിൽനിന്ന് പിൻവാങ്ങി മഴക്കുശേഷം ഒഴിഞ്ഞുതരണം എന്നെല്ലാം പറയുന്ന ഫിഷറീസ് വകുപ്പിന്റെ നിലപാട് മലക്കംമറച്ചിലാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ഗ്യാരേജ് നിർമിക്കാതെ ഫയർ എൻജിൻ വാഹനങ്ങൾ മഴയും വെയിലും കൊള്ളുന്ന രീതിയിൽ നിർത്തിയിട്ടാൽ പെട്ടെന്ന് കേടുപാടുകളുണ്ടാവുമെന്നും ഇത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തുകയെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
ബീച്ച് ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ സ്ലാബുകളും ഭീമുകളും വിള്ളൽ വീണ് അടർന്നതോടെ പുതിയ കെട്ടിടം നിർമിക്കാനാവശ്യമായ പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചശേഷം താൽക്കാലിക സൗകര്യം ഒരുക്കിനൽകാൻ ജില്ല ഫയർ ഓഫിസറാണ് കലക്ടർക്കും കോർപറേഷൻ മേയർക്കും കത്ത് നൽകിയത്. കോർപറേഷൻ കൈയൊഴിഞ്ഞതോടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് കെട്ടിടം ലഭ്യമാക്കാൻ കലക്ടർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകി. എന്നാൽ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്നെല്ലാമായിരുന്നു ഫിഷറീസ് വകുപ്പിന്റെ വാദം. തുടർന്ന് കലക്ടർതന്നെ പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗത്തെകൊണ്ട് പരിശോധിപ്പിച്ച് അനുകൂല റിപ്പോർട്ട് ലഭ്യമാക്കിയാണ് കെട്ടിടം താൽക്കാലികമായി വിട്ടുനൽകാൻ ഉത്തരവിട്ടത്. ബീച്ച് സ്റ്റേഷന് പുതിയ കെട്ടിടം പണിയാൻ പദ്ധതി തയാറാക്കിയതിനാൽ സേനക്ക് ഒന്നര വർഷത്തേക്കെങ്കിലും താൽക്കാലിക സൗകര്യമുറപ്പാക്കേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.