രാമനാട്ടുകര: തുടർച്ചയായി ഒമ്പതിടങ്ങളിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന പ്രവർത്തകർക്ക് സമ്മാനിച്ചത് വിശ്രമമില്ലാത്ത വിഷു. മിനിറ്റുകൾ ഇടവിട്ടായിരുന്നു പല ഭാഗങ്ങളിലായി തീപിടിത്തമുണ്ടായത്. രാവിലെ 11ന് തുടങ്ങിയ തീയണക്കൽ പ്രവർത്തനം രാത്രി 10 നാണ് അവസാനിപ്പിച്ചത്.
പയ്യാനക്കൽ വയലിലായിരുന്നു ആദ്യത്തെ തീപിടിത്തം. ഇവിടെ തീ അണച്ചുകഴിഞ്ഞപ്പോൾ കണ്ണഞ്ചേരി ഗണപതി ക്ഷേത്രത്തിന് മുന്നിലെ അടിക്കാടിൽ തീപിടിച്ചു. ഇതു കഴിയുമ്പോഴേക്കും ദേശീയപാത 66ൽ തലപ്പാറ സർക്കാർ ഭൂമിയിൽ അടിക്കാടു കത്തി. ഉടൻ കല്ലായിയിൽനിന്ന് വിളിയെത്തി. ഇവിടെ ഗണപത് സ്കൂളിന് സമീപത്തെ പുത്തൻകോവിലകം വീടിനു മുന്നിൽ അടിക്കാടിൽ തീ പടർന്നെന്നായിരുന്നു സന്ദേശം.
ഇവിടെ തീ അണച്ചു കഴിയുമ്പോഴേക്കും തൊട്ടടുത്ത പറമ്പിലെ നാലു തെങ്ങുകൾക്ക് തീ പടർന്ന വിവരം ലഭിച്ചു. തുടർന്ന് രാമനാട്ടുകര കൃഷിഭവൻ റോഡിലെ വയലിന് തീപിടിച്ച വിവരവുമെത്തി. ഇവിടെ തീയണച്ചു കഴിയുമ്പോഴേക്കും ഫറോക്ക് ഐ.ഒ.സി ഡിപ്പോയുടെ റെയിൽവേ ട്രാക്കിനു സമീപം അടിക്കാടിന് തീപിടിച്ചുവെന്ന വിവരം ലഭിച്ചു.
ഇവിടെ കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും കണ്ണഞ്ചേരി ക്ഷേത്ര പരിസരത്തേക്ക് എത്താൻ അഗ്നിരക്ഷസേനക്ക് അറിയിപ്പ് ലഭിച്ചു. ഇവിടെ തെങ്ങിന് തീ പിടിച്ചതായിരുന്നു പ്രശ്നം. രാത്രി 9.30ന് അവസാന സന്ദേശം വന്നത് രാമനാട്ടുകര കൃഷിഭവൻ റോഡിൽ കിൻഫ്രയുടെ വയലുകൾക്ക് തീപിടിച്ച സംഭവമായിരുന്നു. 10 മണിയോടുകൂടി തീ അണച്ചു.
തെങ്ങുകൾ കത്തിയതൊഴിച്ചാൽ എവിടെയും കാര്യമായ നാശനഷ്ടങ്ങളില്ല. പടക്കമാണ് തീപിടിത്ത ‘വില്ലനെ’ന്നാണ് നിഗമനം. മീഞ്ചന്ത അസി. സ്റ്റേഷൻ ഓഫിസർ പി. സുനിലിന്റെയും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഇ. ശിഹാബുദ്ദീന്റെയും നേതൃത്വത്തിൽ ഓഫിസർമാരായ പി.കെ. അബ്ദുൽ കരീം, മുഹമ്മദ് സാനിജ്, കെ.കെ. നന്ദകുമാർ, പി. ബിനീഷ്, ഡബ്ല്യു.എസ്. അനിൽ, ജോസഫ് ബാബു, സി. അൻവർ സാദിഖ്, കെ.പി. നിജാസ്, കെ.കെ. നദീം, ഹോം ഗാർഡുമാരായ എ. അഭിലാഷ്, കെ.ടി. നിതിൻ, എൻ.വി. റഹീഷ്, വി. കൃഷ്ണകുമാർ എന്നിവരായിരുന്നു തീ അണക്കാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.