കോഴിക്കോട്: തളിയിലെ കുളത്തിൽ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങി. കുളത്തിൽ വായുവിന്റെ അളവ് കുറഞ്ഞതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. കോർപറേഷൻ ആരോഗ്യ വിഭാഗവും കസബ പൊലീസും ഫിഷറീസ് വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. കോർപറേഷൻ ആരോഗ്യ വിഭാഗം കുളത്തിലെ വെള്ളം ശേഖരിച്ച് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യൂ.ആർ.ഡി.എം) പരിശോധനക്കയച്ചു. കുളത്തിന്റെ നാലു ഭാഗത്തുനിന്നും ശേഖരിച്ച വെള്ളമാണ് പരിശോധനക്കയച്ചത്.
ചത്ത മത്സ്യങ്ങളുടെ സാമ്പിൾ ശേഖരിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിൽ നൽകാനായി ഫ്രീസറിലേക്ക് മാറ്റി. മത്സ്യങ്ങളെ തിങ്കളാഴ്ച പരിശോധിക്കും. രണ്ടു പരിശോധനകളുടെയും ഫലം തിങ്കളാഴ്ച ലഭിക്കുമെന്ന് കരുതുന്നു. വെള്ളത്തിൽ പി.എച്ച് മൂല്യത്തിൽ വന്ന വ്യതിയാനവും പ്രാണവായു കുറഞ്ഞതുമാണ് കാരണമെന്നാണ് ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ പ്രാഥമികമായി കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് മീനുകൾ വൻ തോതിൽ ചത്തത് കണ്ടെത്തിയത്.
കുളത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വലിയ തിലോപ്പിയ ഇനത്തിൽപെട്ട മീനുകളാണ് അധികവും ചത്തത്. കുളത്തിന്റെ എല്ലാ ഭാഗത്തും മീനുകൾ പൊന്തിയിട്ടുണ്ട്. എങ്കിലും ചെറിയവയടക്കം ചിലയിനം മീനുകൾ ഇപ്പോഴും കുളത്തിൽ നീന്തുന്നുമുണ്ട്. പ്രത്യേകയിനം മീനുകൾക്ക് ഫംഗസോ മറ്റുള്ള അസുഖങ്ങളോ ബാധിച്ചതാകാമെന്ന സംശയങ്ങൾ പ്രകടിപ്പിക്കുന്നവരുണ്ട്. വിഷം കലക്കിയതാണെന്ന് പ്രചാരണമുണ്ടായെങ്കിലും പ്രാഥമിക പരിശോധനയിൽ സൂചനയൊന്നും കിട്ടിയിട്ടില്ല. മേയർ ഡോ. ബീന ഫിലിപ് സ്ഥലത്തെത്തി. ചത്ത മീനുകളെ കുളത്തിൽനിന്ന് നീക്കാൻ നടപടിയെടുക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. മുമ്പ് മാനാഞ്ചിറയിലും കനോലി കനാലിലും മീനുകൾ ചത്തുപൊന്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.