താമരശ്ശേരി: കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള സംഘം സി.പി.എമ്മിന്റെ പേരിൽ ഗുണ്ടാപ്പിരിവ് നടത്തിയെന്ന പരാതിയിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സി.പി.എം ഏരിയ കമ്മിറ്റി നേതാക്കൾ പറഞ്ഞു. കെട്ടിടം, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുന്നവരെ സമീപിച്ച് ഭീഷണിപ്പെടുത്തി വന്‍തുക സംഘം ആവശ്യപ്പെടുന്നതായാണ് പരാതി ഉയർന്നത്.
പണം തന്നില്ലെങ്കിൽ പ്രവൃത്തി തടസ്സപ്പെടുത്തുമെന്നും പിറകിൽ സി.പി.എമ്മിന്റെ നേതാക്കളുണ്ടെന്നും പറഞ്ഞ് സംഘം ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങൾ കൈക്കലാക്കുന്നതെന്നാണ് പരാതി ഉയർന്നത്. ഇത്തരത്തിൽ ഭീഷണി ലഭിച്ച ഒരു സംരംഭകൻ സി.പി.എം ജില്ല സെക്രട്ടറിക്ക് പരാതി നൽകിയതോടെയാണ് സംഭവം പാർട്ടിയുടെ ശ്രദ്ധയിൽ വരുന്നതെന്നാണ് നേതാക്കൾ പറയുന്നത്. ഇത്തരത്തില്‍ പണം ആവശ്യപ്പെടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം താമരശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിൽ ചുങ്കത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചതോടെയാണ് പൊതുജനം സംഭവം അറിയുന്നത്. സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കൾക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടോയെന്നാണ് പാർട്ടി അന്വേഷണം നടത്തുന്നത്.
'ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം'
താമരശ്ശേരി: ചുങ്കത്തെയും പരിസര പ്രദേശങ്ങളിലെയും ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമീപകാലങ്ങളിലായി താമരശ്ശേരി-ചുങ്കം കേന്ദ്രീകരിച്ച് ഒരു ക്രിമിനൽസംഘം വളർന്നുവരുന്നുണ്ട്. വസ്തുവിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ, വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നവർ, കെട്ടിടം നിർമിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിച്ച് അവരെ സമീപിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതാണ് ഇവരുടെ രീതി. പണം നൽകാത്തവരെ ഭീഷണിപ്പെടുത്തുന്നു. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിച്ചത് എന്നാൽ സി.പി.എം പൊതുയോഗത്തെ ദുർവ്യാഖ്യാനം ചെയ്ത് പാർട്ടിയെ അപകീർത്തിപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്. ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട ഭൂവുടമ തന്നെ ക്രിമിനൽ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ക്വട്ടേഷൻ സംഘത്തെ ഭയന്നാണ് പണം ആവശ്യപ്പെട്ട മറ്റ് പലരും പരാതി നൽകാൻ മുന്നോട്ടു വരാത്തത്.
ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങളെ മുൻനിർത്തി ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും ഗുണ്ടാസംഘത്തിലെ മുഴുവൻ ആളുകൾക്കെതിരെയും പൊലീസ് അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.എം ഏരിയ സെക്രട്ടറി കെ. ബാബു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.