ജോ​യ് വി​ൻ​സെ​ന്റ് യേ​ശു​ദാ​സി​നൊ​പ്പം

പ്രശസ്തരുടെ പിന്നണി നാദം നിലച്ചു

കോഴിക്കോട്: ഒന്നരവർഷം മുമ്പ് കോവിഡ് കോഴിക്കോടിന്റെ സംഗീതസദസ്സുകളെ നിശ്ശബ്ദമാക്കുന്നതുവരെ പിന്നണിയിൽ ജോയ് വിൻസെന്റിന്റെ വിരലുകൾ പാട്ടുകൾക്കൊപ്പം ചലിച്ചിരുന്നു. അനേകം പാട്ടുകൾക്ക് അകമ്പടിനിന്ന ആ ഗിറ്റാർ ചെറുവണ്ണൂരിലെ വസതിയിൽ ഞായറാഴ്ച വൈകുന്നേരം നിശ്ചലമായി.

പല കാലങ്ങളിലെ മലയാള ചലച്ചിത്ര സംഗീതജ്ഞർക്കൊപ്പം വേദികളിൽ നിറഞ്ഞുനിന്ന ഗിറ്റാറിസ്റ്റായിരുന്നു ജോയ് വിൻസെന്റ്. കേരളത്തിലെ അറിയപ്പെടുന്ന ഗിറ്റാറിസ്റ്റുകളിൽ പ്രമുഖനായ ഒരു കലാകാരനാണ് വിടപറഞ്ഞത്.

'ആറാം തമ്പുരാനി'ലെ ശ്രദ്ധേയമായ ഗാനങ്ങൾക്ക് സംഗീതം നൽകുമ്പോൾ സംഗീത സംവിധായകൻ രവീന്ദ്രൻ വിളിച്ചത് ജോയ് വിൻസെന്റിനെയാണ്. എ.ടി. ഉമ്മർ, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ സംഗീത സംവിധായകർക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു ജോയിയുടെ ലീഡ് ഗിറ്റാർ. കോഴിക്കോടുകാരനായ രഘുകുമാർ സംഗീതം നൽകിയ മിക്ക പാട്ടുകൾക്കും ജോയിയായിരുന്നു ഗിറ്റാർ വായിച്ചിരുന്നത്.

ആകാശവാണിയിലെ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റായിരുന്ന ജോയ് രാഘവൻ മാസ്റ്ററുടെ പ്രോഗ്രാമുകൾക്കായി ഗിറ്റാർ വായിച്ചിരുന്നു.

ജി. ദേവരാജൻ, എം.കെ. അർജുനൻ തുടങ്ങിയവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലെ സ്ഥിരം ഗിറ്റാറിസ്റ്റായിരുന്നു അദ്ദേഹം. യേശുദാസ്, എസ്. ജാനകി, പി. സുശീല, എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, ജി. വേണുഗോപാൽ തുടങ്ങിയവരുടെ പ്രോഗ്രാമുകൾക്കടക്കം അദ്ദേഹം ഗിറ്റാറിസ്റ്റായിരുന്നു. പ്രമുഖർക്കൊപ്പം ജർമനി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ നിരവധി വിദേശരാജ്യങ്ങൾ സന്ദർശിക്കാനും പരിപാടികളിൽ പങ്കെടുക്കാനും ജോയ് വിൻസെന്റിനായി.

ഒരുകാലത്ത് കോഴിക്കോടിന്റെ സംഗീതവേദികളിൽ നിറഞ്ഞുനിന്ന സുകുമാരൻസ് ഓർക്കസ്ട്ര, ഹട്ടൻസ് ഓർക്കസ്ട്ര, ബ്രദേഴ്സ് മ്യൂസിക് ക്ലബ് എന്നിവയിലൊക്കെ സ്ഥിരം ലീഡ് ഗിറ്റാറിസ്റ്റ് ജോയിയായിരുന്നു.

പ്രമുഖ അക്കോർഡിയൻ വാദകനായിരുന്ന പിതാവ് എസ്.പി. വിൻസെന്റിൽനിന്ന് കിട്ടിയതായിരുന്നു ജോയിക്ക് സംഗീതം. സഹോദരങ്ങളായ ഡേവിഡ് ബാബുവും പോൾ വിജയനും അറിയപ്പെടുന്ന ഗിറ്റാറിസ്റ്റുകളാണ്.

ഭാര്യ ഇന്ദിര ജോയ് ഒരുകാലത്ത് വി.എം. കുട്ടി - വിളയിൽ ഫസീല ടീമിനൊപ്പം പാടിയിരുന്ന ഗായികയായിരുന്നു.

ഒന്നരവർഷം മുമ്പ് അസുഖബാധിതനായ ജോയ് വേദികളിൽനിന്നൊഴിഞ്ഞ് ചെറുവണ്ണൂരിലെ സ്റ്റാൻഡേർഡ് ഓട് ഫാക്ടറിക്ക് സമീപത്തെ വീട്ടിലായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥിതി വളരെ മോശമായി. ഞായറാഴ്ച വൈകീട്ട് 63ാമത്തെ വയസ്സിൽ അന്ത്യവുമായി. 

Tags:    
News Summary - gitarist joy vincent passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.