താമരശ്ശേരി: മലയോര മേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ ദുരിതത്തോടൊപ്പം വെള്ളപ്പാച്ചിൽ ഭീതിയും. കുത്തൊഴുക്കിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.
റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലും മണ്ണിടിച്ചിലുണ്ടായി. അടിവാരം പൊട്ടിക്കൈ, കുന്തളം തേര്, അടിവാരം, പോത്തുണ്ടി, പുലിക്കയം തുടങ്ങിയ ഭാഗങ്ങളിൽവെള്ളം കയറി. ചാലിപ്പുഴ, പൂനൂർ പുഴ, കൂടത്തായ് പുഴ എന്നിവയെല്ലാം വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥിതിയാണുള്ളത്.
ചിപ്പിലിതോട് - തുഷാരഗിരി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ശക്തിപ്പെട്ടതോടെ ഒഴുക്ക് വർധിച്ചു. ചെമ്പ് കടവ് പാലം വെള്ളത്തിൽ മുങ്ങിയതോടെ യാത്രാ തടസം നേരിട്ടു. പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുകയാണ്. രാത്രി വൈകിയും മഴ തുടരുകയാണ്.
മുക്കം: ശക്തമായ മഴയിൽ ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞൊഴുകുകയാണ്. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊടിയത്തൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ചെറുപുഴയുടെ തീരങ്ങൾ ഇടിയുന്നത് സമീപവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം പാലം-ചോണാട് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ഗ്രൗണ്ടിൽ വെള്ളം കയറി. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിക്കുകയും വിളകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മുക്കം നഗരസഭയിലെ കച്ചേരി ഗ്രൗണ്ട്, ചേന്ദമംഗല്ലൂർ- മംഗലശ്ശേരി റോഡ്, ബി.പി മൊയ്തീൻ പാർക്ക്, പുൽപ്പറമ്പ്-കൂളിമാട് റോഡ്, പുൽപറമ്പ്-നായർകുഴി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. മലയോര മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.
മുക്കം നഗരസഭയിൽ കൺട്രോൾ റൂം തുറന്നു. പുഴകളിലെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ നിരവധി വീടുകളിൽ വെള്ളം കയറും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളടക്കം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സജ്ജീകരിക്കുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവും എത്തിക്കുന്നുണ്ട്.
പുഴകളിലും ജലസ്രോതസുകളിലും ജലനിരപ്പ് വൻതോതിൽ ഉയർന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകർച്ചവ്യാധികൾ അടക്കമുള്ള രോഗങ്ങൾ പടരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
മഴ ശക്തമായ സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തണമെന്നും രാത്രികളിലെ യാത്രകൾ ഒഴിവാക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾ നിർദേശം നൽകി. കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് കാരശ്ശേരി പഞ്ചായത്തിലെ കാരമൂല ചുണ്ടക്കമണ്ണിൽ പങ്കജാക്ഷന്റെ വീടിന്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു.
കൂടരഞ്ഞി: കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. കൂടരഞ്ഞി കരിങ്കുറ്റി മുണ്ടാട്ടുപടി പേഴുങ്കോട്ടിൽ രാധാകൃഷ്ണന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. വീട് അപകടാവസ്ഥയിലാണ്.
തിരുവമ്പാടി: കനത്ത കാറ്റിൽ പുല്ലൂരാംപാറ കൊടക്കാട്ടു പാറയിൽ വീടിന്റെ മേൽക്കൂര തകർന്നു. കുഴിയൻ പ്ലാവിൽ തോമസിന്റെ വീടിനാണ് നാശനഷ്ടം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന തോമസും മകനും പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.