പയ്യോളി: കാലവർഷം ശക്തിപ്പെട്ടതോടെ നാട്ടിലാകെ നാശനഷ്ടങ്ങളും കെടുതികളും വർധിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് ദേശീയപാതയിൽ മൂരാട് മങ്ങൂൽ പാറ കയറ്റത്തിൽ വൈദ്യുത പോസ്റ്റുകൾ മുറിഞ്ഞു വീണത് കാരണം പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. മൂരാട് മുതൽ അയനിക്കാട് പോസ്റ്റ് ഓഫിസുവരെ ചൊവ്വാഴ്ച വൈകീട്ടോടെ നിലച്ച വൈദ്യുതി ബുധനാഴ്ച ഉച്ചയോടെയാണ് പുന:സ്ഥാപിച്ചത്.
കൂടാതെ തിക്കോടി, മൂടാടി, തുറയൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മഴ ശക്തമായതോടെ ഇരിങ്ങൽ മഞ്ഞവയലിൽ പ്രകാശന്റെ ഓടുമേഞ്ഞ വീടിനുമുകളിൽ മരം മുറിഞ്ഞുവീണു.
ബുധനാഴ്ച പുലർച്ചയാണ് സംഭവം. വീടിന്റെ കിടപ്പുമുറിയുടെ മുകളിലേക്ക് മരം വീണതിനെത്തുടർന്ന് പൊട്ടിയ ഓട് പ്രകാശന്റെ ദേഹത്ത് പതിച്ച് നിസാരപരിക്കേറ്റു. ഇരിങ്ങൽ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ബാലുശ്ശേരി: തലയാട് മലയോര ഹൈവേ നിർമാണ പ്രവൃത്തിയുടെ ഭാഗമായി വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന പണി തുടങ്ങി. ക്രെയിനിന്റെ സഹായത്തോടെ പോസ്റ്റുകൾ പറിച്ചുനടുന്നതിനാൽ പകൽ സമയത്ത് വൈദ്യുതി തടസ്സം നേരിടുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നുണ്ട്. മലയോര മേഖലയിൽ മഴ ശക്തി പ്രാപിച്ചതിനാൽ മലയിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. മലയോര മേഖലയിലൂടെ രാത്രി യാത്ര നിരോധിച്ചതിനാൽ വാഹന യാത്രക്കാരും ബുദ്ധിമുട്ടനുഭവിക്കുകയാണ്.
നന്മണ്ട: കനത്തമഴയിൽ മതിൽ ഇടിയുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. നേഷനൽ കൂട്ടമ്പൂർ റോഡിൽ കാപ്പിൻ ചാലിൽ താഴത്തെ മതിലാണ് റോഡിലേക്കിടിഞ്ഞത്.
ഒട്ടനവധി വാഹനക്കാരും നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, അമ്പല പ്പൊയിൽ സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ യാത്ര ചെയ്യുന്ന റോഡിലാണ് മതിൽ ഭീഷണിയായത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പയ്യോളി: മൺസൂൺ ആരംഭിച്ചതോടെ ടൗണിലെ ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങിയതിന് പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കരാറുകാരായ വഗാഡ് കമ്പനിയുടെ നന്തിയിലെ ഓഫിസ് ഉപരോധിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നൂറോളംപേർ ദേശീയപാത വികസന പ്രവൃത്തിയുടെ ഉപകരാറുകാരായ വഗാഡ് ഇൻഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റ പ്രവർത്തിക്കുന്ന നന്തിയിലെ ശ്രീശൈലം കുന്നിലെ ഓഫിസിലെത്തി കമ്പനി ഡയറക്ടറർ സാവന്റെ ഓഫിസ് ഉപരോധിച്ചത്.
കാലവർഷം ശക്തമായതോടെയാണ് ഒരു മാസത്തോളമായി ടൗണിൽ കോടതി പരിസരം മുതൽ സ്വകാര്യ ഹോട്ടലിനുസമീപം വരെ കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡ് പൂർണമായും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുന്നത്. ഇതുകാരണം യാത്രക്കാർ മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
ഇവിടെ ഇരിങ്ങൽ മുതൽ നാല് കിലോമീറ്ററോളം ഗതാഗതകുരുക്ക് രാപ്പകൽ ഭേദമന്യേ നീളുന്നത് നിത്യകാഴ്ചയാണ്. ദേശീയപാതവികസന പ്രവൃത്തിയുടെ ഭാഗമായി ആറുവരിയിൽ പണിയുന്ന ടൗണിലെ പ്രധാന റോഡിന്റെ ഭാഗത്ത് മേൽപാല നിർമാണം നടക്കുന്നതിനാൽ ഏറെ വീതി കുറഞ്ഞ സർവിസ് റോഡുകളിലൂടെയാണ് വാഹനങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നത്.
പയ്യോളി വഴിയുള്ള യാത്ര ദുരിതപൂർണമായിട്ടും ദേശീയപാത നിർമാണ കരാറുകാരായ വഗാഡ് കമ്പനി തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹ്മാനുംദേശീയപാത വികസനസമിതി ചെയർമാൻ അഷറഫ് കോട്ടക്കൽ, കൺവീനർ കെ.ടി. സിന്ധു, നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ നാട്ടുകാരുടെ നേതൃത്വത്തിൽ ഓഫിസ് ഉപരോധിച്ചത്.
തുടർന്ന് നടത്തിയ ചർച്ചയിൽ സർവിസ് റോഡ് ഉയർത്തി റീ ടാർ ചെയ്യാൻ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ രാവിലെ പതിനൊന്നോടെ ഉപരോധം പിൻവലിച്ചു. കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു. അതേസമയം, താൽക്കാലികമായി ഉച്ചയോടെ സിമന്റ് ചേർത്ത മണൽ മിശ്രിതം വെള്ളക്കെട്ടിന് മുകളിൽ പാകിയെങ്കിലും വേണ്ടത്ര പരിഹാരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.