കോഴിക്കോട്: ഭാര്യയോട് സൗഹൃദം സ്ഥാപിച്ചതിനുള്ള വിരോധം തീർക്കാൻ മാത്തോട്ടം സ്വദേശിയെ മർദിക്കുന്നതിന് വിദേശത്ത് ജോലിചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ആവശ്യപ്രകാരം ക്വട്ടേഷനെടുത്തവർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.
പയ്യാനക്കൽ തിരുത്തി വളപ്പ് ചക്കുങ്ങൽ അൻഫാൽ (28), ചക്കുംകടവ് എടയുളംപറമ്പ് സുഷീർ (33), നടുവട്ടം യൂപ്പിനിയകം പറമ്പ് ഫിറോസ് മൻസിലിൽ ഫിറോസ് (39) എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ പ്രതികളായ മൂന്നു പേരെ കർണാടകത്തിലെ ഒളിത്താവളത്തിലേക്ക് രക്ഷപ്പെടുന്നതിനിടെ ഉഡുപ്പിയിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടന്ന വിശദ ചോദ്യം ചെയ്യലിലാണ് സഹായം നൽകിയവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്.
ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. ഇവർക്ക് സഹായം നൽകിയ മറ്റുള്ളവരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജു പറഞ്ഞു.
സംഭവത്തിനു ശേഷം യുവാവിന്റെ കൈയിൽനിന്ന് കവർന്ന മൊബൈൽ ഫോൺ കടലിലെറിഞ്ഞ് നശിപ്പിക്കുകയും പ്രതിഫലത്തുകയിൽ 20,000 രൂപ സംഘത്തിന് നൽകുകയും ചെയ്തുവെന്നതാണ് അൻഫാലിന്റെ പേരിലുള്ള കുറ്റം. മൂന്ന് പ്രതികളെ നടുവട്ടം ചേനോത്ത് സ്കൂളിന് സമീപത്തുള്ള സ്വന്തം വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചതിനാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.
പൊലീസ് അന്വേഷണം ഊർജിതമാക്കി എന്നറിഞ്ഞ പ്രതികൾ കേരളം വിടുന്നതിനായി പദ്ധതിയിട്ടു. ഇവർക്ക് പുതിയ മൊബൈൽ ഫോണും സിം കാർഡും വാങ്ങുകയും മറ്റു സഹായങ്ങൾ നൽകിയതിനുമാണ് സുഷീറിനെ അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് എസ്.ഐ ശശികുമാറും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എസ്.ഐ ഒ. മോഹൻദാസ്, സീനിയർ സി.പി.ഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സി.പി.ഒമാരായ സുമേഷ് ആറോളി, അർജുൻ അർജുനപുരി, മാമുക്കോയ, പി.കെ വിമീഷ്, രാഹുൽ മാത്തോട്ടത്തിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ജില്ലയിൽ ഗുണ്ട-ക്വട്ടേഷൻ സംഘങ്ങളുടെ പട്ടിക തയാറാക്കി ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരുകയാണെന്നും ഇവരെ സഹായിക്കുന്നവരെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഒരു സംഘത്തെ തന്നെ നിയമിച്ചതായും ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.