കോഴിക്കോട്: വായ്പയെടുത്ത് കടക്കെണിയിലായ കുടുംബത്തിന് സ്ഥലം വിറ്റ് കടംവീട്ടാനുള്ള ശ്രമത്തിന് ബാങ്ക് അധികൃതർ തടസ്സം നിൽക്കുന്നതായി വീട്ടമ്മയുടെ പരാതി. വായ്പക്ക് ആവശ്യമായ ആധാരത്തോടൊപ്പം മറ്റൊരു സ്ഥലത്തിെൻറ ആധാരവും ബാങ്കിന് സമർപ്പിച്ചതിൽ പെട്ടുപോയെന്നും അത് തിരിച്ചുതരുന്നില്ലെന്നും വെള്ളിമാട്കുന്ന് കുറുപ്പശ്ശൻകണ്ടി പ്രസാദിെൻറ ഭാര്യ പി. സൗദാമിനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാലിക്കറ്റ് നോർത്ത് സർവിസ് സഹകരണബാങ്ക് അധികൃതർക്കെതിരെയാണ് പരാതി. ഭർത്താവ് പ്രസാദ് 2018 ൽ ബിസിനസ് ആവശ്യാർഥം 50 ലക്ഷം രൂപ വായ്പയെടുത്തത് വെള്ളിമാട്കുന്നിലെ മൂന്ന് കോടി രൂപ മൂല്യമുള്ള സ്ഥലത്തിെൻറയും വീടിെൻറയും ആധാരം പണയം വെച്ചാണ്. ഇതോടൊപ്പം ചെലവൂരിലുള്ള ഭൂമിയുടെ ആധാരവും നൽകിയിരുന്നു. ഈ ആധാരം തിരിച്ചുകിട്ടാൻ മൂന്നര വർഷമായി ബാങ്കിൽ കയറിയിറങ്ങുന്നു. ചെലവൂരിലെ സ്ഥലം വിറ്റാലേ ലോൺ അടച്ചുതീർക്കാനാവൂ. നോട്ട് നിരോധമുൾപ്പെടെയുണ്ടായ സാഹചര്യത്തിൽ ബിസിനസ് പരാജയപ്പെടുകയായിരുന്നു. ഭർത്താവ് പ്രസാദ് കാഴ്ച നഷ്ടപ്പെട്ട് വീട്ടിലിരിക്കയാണ്. ചെലവൂരിലെ സ്ഥലത്തിെൻറ ആധാരം തിരിച്ചുകൊടുക്കാൻ ജോ. രജിസ്ട്രാർ ബാങ്ക് സെക്രട്ടറിക്ക് നിർദേശം നൽകിയതാണ്. ജില്ല കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോ. രജിസ്ട്രാർ വിഷയത്തിൽ ഇടപെട്ടത്. ബാങ്ക് അധികൃതർ പക്ഷെ ഇതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നാണ് കുടുംബത്തിെൻറ പരാതി. മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും സൗദാമിനി പറഞ്ഞു.
അതേസമയം, ചെലവൂരിലെ സ്ഥലം വിൽപനക്ക് രേഖകളുടെ മുഴവൻ പകർപ്പുകളും അറ്റസ്റ്റ് ചെയ്ത് നൽകാമെന്ന് പ്രസാദിനെ അറിയിച്ചതായി ബാങ്ക്സെക്രട്ടറി അജിത മാധ്യമത്തോടു പറഞ്ഞു. സ്ഥലം വിൽപനക്ക് തടസ്സമുണ്ടാവില്ല. ഡയറക്ടർ ബോർഡാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.