എലത്തൂർ: കോഴിക്കടയിൽനിന്ന് നൂറുകണക്കിന് ചത്തകോഴികളെ കണ്ടെത്തി. എരഞ്ഞിക്കലിലെ എം.കെ.ബി മാർക്കറ്റിൽനിന്നാണ് ബുധനാഴ്ച രാവിലെ നൂറോളം ഇരുമ്പുപെട്ടികളിൽ സൂക്ഷിച്ച ചത്ത കോഴികളെ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെതുടർന്ന് പ്രദേശവാസികളുടെ അന്വേഷണത്തിലാണ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച നിലയിൽ പെട്ടികളിൽ സൂക്ഷിച്ച ചത്ത കോഴികളെ കണ്ടത്.
1500ഓളം കോഴികളിൽ വളരെ കുറച്ച് മാത്രമേ ജീവനോടെയുണ്ടായിരുന്നുള്ളൂ. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കട അടപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ലോഡ് ഇറക്കുന്ന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. ദുർഗന്ധത്തെ തുടർന്ന് വാർഡ് കൗൺസിലറെയും ആരോഗ്യവകുപ്പിനെയും സമീപവാസികൾ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എലത്തൂർ പൊലീസും സ്ഥലത്തെത്തി.
കടയുടമയെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇതിനിടെ ചത്ത കോഴികളെ നീക്കംചെയ്യാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. മൃഗഡോക്ടറെത്തി ചത്ത കാരണം കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വെറ്ററിനറി വിഭാഗമെത്തി സാമ്പ്ൾ പരിശോധനക്കെടുത്തു.
ചത്ത കോഴികളെതന്നെയാണ് കൊണ്ടുവന്നതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതര സംസ്ഥാനത്തുനിന്ന് കൊണ്ടുവരവെ ഏറെനേരം വാഹനം കേടായതിനെതുടർന്ന് കോഴികൾ ചാവുകയായിരുന്നുവെന്നും രാത്രിയായതിനാൽ ഇവ സംസ്കരിക്കാൻ വേണ്ടി കടയിൽ സൂക്ഷിച്ചതാണെന്നുമാണ് കടയുടമ ആരോഗ്യ വകുപ്പിന് നൽകിയ വിശദീകരണം. കോഴികളെ സംസ്കരിക്കാൻ കോർപറേഷൻ കൊണ്ടുപോയി. കടയുടെ ലൈസൻസ് റദ്ദാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.