കോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യു പീഡനക്കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 31ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ ഡോ. ഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുക. പ്രതിക്കെതിരെയുള്ള മൊഴിയിൽനിന്ന് പിന്മാറാൻ ആശുപത്രിയിലെ അഞ്ചു ജീവനക്കാർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് സംഘം അന്വേഷിക്കുന്നത്.
രാവിലെ മുതൽ തെളിവെടുപ്പ് ആരംഭിക്കും. സംഭവ ദിവസം ബന്ധപ്പെട്ട വകുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു ജീവനക്കാരിൽനിന്ന് സംഘം മൊഴി രേഖപ്പെടുത്തും. കമ്മിറ്റിക്ക് മുമ്പാകെ തെളിവെടുപ്പിന് ഹാജരാവണമെന്നാവശ്യപ്പെട്ട് കേസിലെ അതിജീവിതക്ക് മെഡിക്കൽ കോളജ് പ്രൻസിപ്പൽ നോട്ടീസ് അയച്ചു.
കേസിലെ പ്രതികളെന്നാരോപിക്കപ്പെട്ട് സസ്പെൻഷനിലായ അഞ്ചു ജീവനക്കാരെ പൊലീസ് അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പ് പ്രിൻസിപ്പൽ സർവിസിൽ തിരിച്ചെടുത്തത് ഏറെ വിവാദമായിരുന്നു.
തുടർന്ന് ആരോഗ്യവകുപ്പ് നേരിട്ടിടപെട്ട് സസ്പെഷൻ പിൻവലിച്ച നടപടി റദ്ദാക്കുകയായിരുന്നു. പിന്നീട് പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് ശേഷമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. തൈറോയ്ഡ് ശസ്ത്രക്രിയക്കുശേഷം ഐ.സി.യുവിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ഡര്‍ ശശീന്ദ്രന് (55) യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ശശീന്ദ്രൻ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. കേസിന്റെ ആദ്യഘട്ടം മുതൽതന്നെ ഭരണാനുകൂല സംഘടനയിലെ അംഗമായ പ്രതിയെ സംരക്ഷിക്കാൻ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം നടന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വനിത കമീഷന് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാൻപോലും ആദ്യം മെഡിക്കൽ കോളജ് അധികൃതർ തയാറായിരുന്നില്ല.
അതേസമയം, കേസിൽ നീതിതേടി ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത. ഇതിനായി ഹൈകോടതി അഭിഭാഷകനെ വക്കാലത്ത് തയാറാക്കാൻ ഏൽപിച്ചതായും അതിജീവിത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.