കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ, വായ്പാപിരിവുകാർക്ക് ഇൻസെന്റീവ് മാസങ്ങളായി മുടങ്ങിയതായി പരാതി. സാമൂഹികക്ഷേമ പെൻഷൻ, ബി.പി.എൽ കുടുംബങ്ങൾക്കുള്ള കോവിഡ്കാല സഹായം എന്നിവ വീടുകളിൽ വിതരണം ചെയ്യുന്നവർക്കാണ് അവഗണന. ബി.പി.എൽ കുടുംബങ്ങൾക്ക് വിതരണംചെയ്ത സഹായത്തിന്റെയും വിതരണം ചെയ്ത ക്ഷേമപെൻഷനുകളുടെയും ഇൻസെന്റീവാണ് കുടിശ്ശികയായി കിടക്കുന്നത്. 2020 മേയിലും 2021 ഒക്ടോബറിലുമാണ് ബി.പി.എൽ സഹായം വിതരണം ചെയ്തത്. 2021 നവംബർ മുതൽ കഴിഞ്ഞ മേയ് വരെയായിരുന്നു ക്ഷേമപെൻഷൻ വിതരണം. സംസ്ഥാനത്ത് 25 ലക്ഷത്തോളം പേരാണ് ഡയറക്ട് ടു ഹോം പദ്ധതിപ്രകാരം സഹകരണസ്ഥാപനങ്ങൾ വഴി പെൻഷൻ കൈപ്പറ്റുന്നത്. ഇവർക്കിത് വീടുവീടാന്തരം കയറിയിറങ്ങി വിതരണംചെയ്യുന്നത് സംഘങ്ങളിലെ തുച്ഛവരുമാനക്കാരായ നിക്ഷേപ, വായ്പാപിരിവുകാരായ ജീവനക്കാരാണ്. ജീവനക്കാർക്ക് 40 രൂപയും ഡേറ്റാഎൻട്രി നടത്തുന്ന സംഘം ജീവനക്കാരന് രണ്ട് രൂപയും സംഘത്തിന് എട്ട് രൂപയുമാണ് പ്രതിഫലമായി ലഭിക്കുക.
നോട്ട് നിരോധനം, അശാസ്ത്രീയ നിയമനങ്ങൾ, മാനേജ്മെന്റിന്റെ ദ്രോഹനടപടികൾ എന്നിവമൂലം ദിന നിക്ഷേപ കലക്ഷൻ കുറഞ്ഞുപോയ പലർക്കും ഇൻസെന്റീവ് ആയിരുന്നു ഏക ആശ്രയം. വിതരണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ചെയ്ത ജോലിക്ക് വേതനം ലഭിക്കാത്തത് പലരെയും പ്രയാസത്തിലാക്കിയിട്ടുണ്ട്. ഏതാനുംചില സംഘങ്ങൾ ഇൻസെന്റീവ് അഡ്വാൻസ് നൽകിയിട്ടുണ്ട്. ധനകാര്യ വകുപ്പിൽനിന്ന് ഇൻസെന്റീവ് അനുവദിച്ച് ഉത്തരവുവന്നാലേ നൽകാനാവൂ എന്നാണ് സ്ഥാപന മേധാവികളുടെ നിലപാട്. ഇൻസെന്റീവ് അനുവദിക്കാൻ അടിയന്തര നടപടികൾ വേണമെന്നും കോഓപറേറ്റിവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. രവി പുറവങ്കര (കാസർകോട്), സുരേഷ് ബാബു മണ്ണയാട് (കണ്ണൂർ), വി.ജെ. ലൂക്കോസ് (വയനാട്), എം.കെ. രാഘവൻ, യു. വിജയപ്രകാശ് (കോഴിക്കോട്), എം.കെ. അലവിക്കുട്ടി, ജിനേഷ് കൊടക്കാടൻ (മലപ്പുറം), രഞ്ജിത്ത് കിഴുവിലം (തിരുവനന്തപുരം), ടി. സൈതുട്ടി, കെ. സരിജ ബാബു, കുഞ്ഞാലി മമ്പാട്ട്, എ. ശർമിള, അനൂപ് വില്യാപ്പള്ളി, കെ.വി. വിശാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.