കോഴിക്കോട്: കുടുംബശ്രീയുടെ മറവിൽ സംസ്ഥാന പിന്നാക്കവികസന കോർപറേഷനിൽനിന്ന് ഫണ്ട് ക്രമക്കേട് നടത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമീഷണർക്ക് പരാതി. കോർപറേഷൻ കുടുംബശ്രീ പ്രോജക്ട് ഓഫിസർ പ്രകാശനാണ് സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണക്ക് പരാതി നൽകിയത്. ഒരു അയൽക്കൂട്ടം 14.6 ലക്ഷവും മറ്റൊന്ന് 11 ലക്ഷവും ക്രമക്കേട് നടത്തിയെന്നാണ് പരാതി.
തട്ടിപ്പ് നടത്തിയതായി കാണിച്ച് എലത്തൂർ വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിൽ മേയർ ഡോ. ബീന ഫിലിപ്പിന് നേരത്തേ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിൽ എത്തിക്കുന്നതിന് സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ അനുവദിച്ച ഫണ്ട് വകമാറ്റി കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
അയൽക്കൂട്ടത്തിലെ 15 പേരിൽ മൂന്ന് പേർ അനർഹർ ആണെന്നാണ് ആരോപണം. മുസ്ലിംകളുടെ പേരിലാണ് വായ്പയെടുത്തത്. എന്നാൽ, മുസ്ലിംകളല്ലാത്ത മൂന്ന് പേരെ അനധികൃതമായി ലിസ്റ്റിൽപെടുത്തിയെന്നാണ് പരാതി. എലത്തൂർ വാർഡിലെ നൻമ, പൂഞ്ചോല എന്നീ അയൽക്കൂട്ടങ്ങൾ വ്യാജരേഖയുണ്ടാക്കി ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വായ്പ കൈക്കലാക്കിയെന്നാണ് പരാതി. അയൽക്കൂട്ടത്തിലെ നിശ്ചിത ശതമാനം പേർ ന്യൂനപക്ഷമാവണമെന്നാണ് ചട്ടം.
ഇതിനായി ന്യൂനപക്ഷ വിഭാഗത്തിലാണെന്ന വ്യാജരേഖ നൽകി വായ്പ കൈക്കലാക്കിയെന്നാണ് പരാതി. അയൽക്കൂട്ടങ്ങളെ മേയർ വിളിച്ച് സംസാരിച്ചിരുന്നു. ക്രമക്കേട് നടത്തിയതായി ഇവർ സമ്മതിച്ചിട്ടും ഏഴ് ദിവസത്തിനകം പണം തിരിച്ച് നൽകാൻ നോട്ടീസ് കൊടുത്തെങ്കിലും കൊടുത്തില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.