കോഴിക്കോട്: സ്വർണക്കടത്തിൽ ആരോപണവിധേയനായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ വിവിധ സംഘടനകളുടെ പ്രതിഷേധപ്പെരുമഴ. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ബി.ജെ.പി എന്നിവയാണ് മാർച്ചും റോഡ് ഉപരോധവുമായി രംഗത്തെത്തിയത്.
പ്രതിഷേധങ്ങളടക്കാൻ പൊലീസ് ലാത്തി വീശുകയും ജലപീരങ്കിയും ഗ്രനേഡും ഉപയോഗിക്കുകയും ചെയ്തു. റോഡ് ഉപരോധത്തെ തുടർന്ന് വയനാട് റോഡിലും പാളയത്തും ഏറെനേരം ഗതാഗത തടസ്സമുണ്ടായി. പ്രതിഷേധവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നൂറിലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ്:
യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഗ്രനേഡ് പൊട്ടി പനങ്ങാട് മണ്ഡലം പ്രസിഡൻറ് എം.വി. അഭിമന്യുവിനും ലാത്തിചാർജിൽ എം. ഷിബു, മുസാഫിർ പെരുമണ്ണ, അബി, ഷമീർ എന്നിവർക്കും പരിക്കേറ്റു.
തുടർന്ന് പ്രവർത്തകർ വയനാട് റോഡ് ഉപരോധിച്ചതോടെ ഒരുമണിക്കൂറിേലറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പൊലീസ് വാഹനങ്ങളെ വഴിതിരിച്ചുവിടുകയായിരുന്നു. മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. ഷഹിൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ്ലാൽ, വി.പി. ദുൽഖിഫിൽ, കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ വൈശാഖ് കണ്ണോറ, എൻ. ലബീബ്, ശ്രീയേഷ് ചെലവൂർ, സുജിത്ത് ഒളവണ്ണ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് ലീഗ്:
മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സിറ്റി പൊലീസ് മേധാവി ഓഫിസിലേക്ക് നടത്തിയ മാർച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഓഫിസിന് സമീപം സ്ഥാപിച്ച ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ് പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ഇതോടെ ഇൗ ഭാഗത്ത് ഏറെനേരം ഗതാഗത തടസ്സമുണ്ടായി. സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷതവഹിച്ചു. ആശിഖ് ചെലവൂര്‍, മിസ്ഹബ് കീഴരിയൂര്‍, എ.പി. അബ്ദുസ്സമദ്, വി.പി. റിയാസ്സലാം, കെ.എം.എ. റഷീദ്, ഷിജിത്ത്ഖാന്‍ തുടങ്ങിയവർ സംസാരിച്ചു.
ബി.ജെ.പി:
ബി.ജെ.പി ജില്ല കമ്മിറ്റി മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു. തളി ജില്ല കമ്മിറ്റി ഓഫിസ് പരിസരത്തുനിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ പാളയത്ത് പൊലീസ് തടഞ്ഞു. തുടർന്നു നടന്ന റോഡ് ഉപരോധം ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനംചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ.പി. വിജയലക്ഷ്മി അധ്യക്ഷതവഹിച്ചു. ജില്ല ട്രഷറർ വി.കെ. ജയൻ, എം. രാജീവ് കുമാർ, പി.എം. ശ്യാമപ്രസാദ്, പ്രശോഭ് കോട്ടൂളി, ടി. റിനീഷ്, നാരങ്ങയിൽ ശശിധരൻ, കെ. ഷൈബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.