കുറ്റ്യാടി: ജൽജീവൻ മിഷൻ പദ്ധതി പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് ഗ്രാമീണ റോഡുകൾ മിക്കതും വെട്ടിക്കീറി തകർക്കുന്നു. ശരിക്ക് നികത്താത്ത കുഴികളിൽ വാഹനങ്ങൾ താഴ്ന്നുള്ള ദുരിതം വേറെയുമുണ്ട്. സംസ്ഥാന പാതകളിലും പൊതുമരാമത്ത് റോഡുകളിലും വശങ്ങളിലാണ് കുഴിയെടുക്കുന്നതെങ്കിൽ ഗ്രാമീണ റോഡുകളിൽ പലതിലും ഒത്തനടുക്ക് കുഴിക്കുന്ന കാഴ്ച ദയനീയമാണ്. ഗതാഗതം മാത്രമല്ല, കാൽനടപോലും മുടങ്ങുന്ന സ്ഥിതിയാണ്. എത്ര ചെലവ് ചുരുക്കി കുഴിയെടുക്കാമെന്ന് മാത്രമാണ് കരാറുകാരുടെ ചിന്ത.
ഇതിനാൽ ബെൻഡുകൾ ഒഴിവാക്കി ഒറ്റയടിക്ക് പൈപ്പിടാൻ റോഡുകൾ നേരെ വെട്ടിക്കീറുകയാണ്. ഒരു അറിയിപ്പുമില്ലാതെയാണ് മണ്ണുമാന്തിയുമായി വന്ന് റോഡ് കീറുന്നത്.ഇതിനാൽ പലയിടത്തും നാട്ടുകാർ പണി തടയുന്നുണ്ട്. റോഡുകൾ പൂർവ സ്ഥിതിയിലാക്കുമെന്നായിരിക്കും കരാറുകാരൻ രംഗത്തെത്തി വാഗ്ദാനം ചെയ്യുക.
എന്നാൽ, ഒറ്റസ്ഥലത്ത് ഇപ്രകാരം നന്നാക്കിയിട്ടില്ല. ചിലയിടങ്ങളിൽ നാട്ടുകാർ കരാറുകാരെക്കൊണ്ട് റോഡ് നന്നാക്കുമെന്ന് കരാർ ഏഴുതിച്ച ശേഷമാണ് കുഴിക്കാൻ അനുവദിക്കുന്നത്. എന്നാൽ, കരാറുകാർ എഗ്രിമെന്റ് എഴുതി പോയതല്ലാതെ തീരുമാനം പാലിക്കുകയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനാൽ ഗുണഭോക്താക്കൾ പണം പിരിച്ച് റോഡ് അറ്റകുറ്റപ്പണി നടത്തിയ സ്ഥലങ്ങളുമുണ്ട്. ദീർഘകാലത്തെ മുറവിളിക്കുശേഷം ടാറിടുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്ത റോഡുകൾ പുതുക്കം മാറും മുമ്പാണ് വെട്ടിക്കീറുന്നത്.
എത്രതന്നെ റിപ്പയർ ചെയ്താലും ആ റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കഴിയില്ല. പദ്ധതി കമീഷൻ ചെയ്ത് ചോർച്ചിയില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയൂ എന്നും ചില സ്ഥലങ്ങളിൽ പ്രവൃത്തി ഏറ്റെടുത്തവർ പറയുന്നു. പൈപ്പ് വെള്ളം വേണ്ട എന്നു പറഞ്ഞവരോട് ആധാർ നമ്പറടക്കം ചേർത്ത ഫോമിൽ പഞ്ചായത്ത് അധികൃതർ വിസമ്മതപത്രം വാങ്ങുകയുണ്ടായി.
എന്നാൽ, റോഡ് വെട്ടിക്കീറുന്ന സന്ദർഭങ്ങളിൽ പഞ്ചായത്തിന്റെ ആരും രംഗത്തു വരുന്നില്ലെന്നാണ് ആക്ഷേപം. നാട്ടുകാരെ ഉൾപ്പെടുത്തി വാർഡ് തലത്തിൽ സമിതികൾ രൂപവത്കരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും എവിടെയും അത്തരം കമ്മിറ്റികൾ രൂപവത്കരിക്കുകയുണ്ടായിട്ടില്ല. സംസ്ഥാന പാതയിൽ ഒന്നും രണ്ടും അടി കനത്തിൽ പാറമാലിന്യവും ബിറ്റുമിനും ഉപോയിഗിച്ച് റബറൈസ്ഡ് ചെയ്തഭാഗം കുത്തിപ്പൊളിക്കുമ്പോൾ ജൽ ജീവൻ കരാറുകൾ പേരിന് മാത്രം കോൺക്രീറ്റ് ചേർത്താണ് കുഴിയടക്കുന്നത്. ഏതാനും ദിവസം കൊണ്ട് റോഡിൽ കോൺക്രീറ്റ് ചെയ്തഭാഗം താഴ്ന്ന കിടങ്ങ് പ്രത്യക്ഷപ്പെടുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.