കോഴിക്കോട്: രാവിലെ വീട്ടിനു മുന്നിലെത്തിയ ഉദ്യോഗസ്ഥരെയും കോൺക്രീറ്റ് കുറ്റിയും പണിയായുധങ്ങളുമേന്തിയ ഇതര സംസ്ഥാന തൊഴിലാളികളെയും കണ്ടപ്പോൾ കല്ലായി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് നമ്പൂതിരിപ്പാടം പറമ്പിൽ നിർമാല്യത്തിൽ ശിവകാമിക്ക് ഒന്നും മനസ്സിലായില്ല. പിന്നാലെ ലാത്തിയുമായെത്തിയ പൊലീസ് സംഘം നോക്കിനിൽക്കേ മുറ്റത്തോടുചേർന്ന് തൊഴിലാളികൾ കുഴിയെടുക്കാൻ നോക്കിയപ്പോഴാണ് കെ-റെയിലിന്റെ കാര്യം ഓർത്തത്.
വെള്ളിയാഴ്ച കോഴിക്കോട്ടെ ആദ്യത്തെ കുറ്റി സ്ഥാപിക്കലായിരുന്നു ശിവകാമിയുടെ വീട്ടിലേത്. വീട്ടുകാരോട് ഒന്നും പറയാതെ മഞ്ഞച്ചായം തേച്ച കോൺക്രീറ്റ് കുറ്റി സ്ഥാപിച്ച് സംഘം മടങ്ങിയയുടനെ മുദ്രാവാക്യവുമായി പ്രതിഷേധക്കാരെത്തി. പിന്നെ കുറ്റി പിഴുതെടുക്കലും സംഘർഷവും മാധ്യമക്കാരുടെയും രാഷ്ട്രീയക്കാരുടെയും ബഹളവും.
36 കൊല്ലമായി കഴിഞ്ഞുകൂടുന്ന വീടിനുമുന്നിൽ എല്ലാ നാടകങ്ങളും ആശയറ്റ് നോക്കിയിരിക്കാനാണ് വീട്ടുടമകളുടെ വിധി. എട്ടു സെന്റ് സ്ഥലത്ത് മക്കൾ വലുതായപ്പോൾ വായ്പയും മറ്റും വാങ്ങിയുണ്ടാക്കിയ വീടാണെങ്കിലും ഒരുവിധം സമാധാനത്തോടെ കഴിയുകയായിരുന്നു. ഇതിനിടെ ഒരു സെന്റ് ഭൂമി വീടിനുമുന്നിൽ റോഡ് വീതികൂട്ടാൻ കൊടുത്തു.
ഇടിത്തീപോലെയാണ് വെള്ളിയാഴ്ച രാവിലെ കോലാഹലങ്ങൾ തുടങ്ങിയത്. ശിവകാമിയുടെ ആശങ്കകളും ആധികളും തന്നെയാണ് വെള്ളിയാഴ്ച കോൺക്രീറ്റ് കുറ്റികൾ നാട്ടിയ മിക്ക വീടുകളിലും കാണാനായത്.
ഇതിനിടെ നാടിന്റെ വികസനവും വലിയ നഷ്ടപരിഹാര വാഗ്ദാനവും ഭൂമിക്കടിയിലൂടെ പോവുന്നതിനാൽ പ്രശ്നമുണ്ടാവില്ലെന്ന വാദവുമൊക്കെയായി ന്യായീകരണക്കാരുമെത്തി. സൗജന്യ കിറ്റ് വാങ്ങിയതല്ലേ ഇനി സൗജന്യക്കുറ്റിയും പിടിച്ചോ എന്ന പരിഹാസവും മുഴങ്ങി. കാക്കിയും ബൂട്ടും കാവിയും ഖദറുമിട്ടവർക്കായി സ്വന്തം വീട്ടുമുറ്റവും കോലായുമെല്ലാം വിട്ടുകൊടുത്ത് അവർ ഉള്ളിലേക്ക് മടങ്ങി. എങ്കിലും വീട്ടിൽ വന്നവർക്കെല്ലാം കുടിവെള്ളവും മറ്റു സൗകര്യവുമൊക്കെ കൊടുക്കാൻ ആധിക്കിടയിലും ആരും മറന്നില്ല.
ഇനിയെന്ത് ചെയ്യും?
ശിവകാമിയുടെ വീടിന് തൊട്ടടുത്ത് ഫാത്തിമയും മകളും പേരക്കുട്ടിയും പ്രാതല്‍ കഴിക്കാന്‍ ഇരുന്നപ്പോഴാണ് വീടിനുമുന്നിൽ കുഴിയെടുക്കുന്ന ശബ്ദം കേട്ടത്. അടുത്തേക്ക് വന്ന ഉദ്യോഗസ്ഥ സില്‍വര്‍ലൈന്‍ സാധ്യതാ പഠനത്തിന് കുറ്റി സ്ഥാപിക്കുകയാണെന്നും അണ്ടര്‍ പാസേജ് മാത്രമാണെന്നും പറഞ്ഞു. ആശയക്കുഴപ്പത്തിനിടയിൽ എന്തെങ്കിലും മിണ്ടും മുമ്പ് പൊലീസ് കാവലില്‍ കുഴിയെടുത്തു തുടങ്ങി.
പിന്നാലെ നാട്ടുകാരും പ്രതിഷേധവുമായെത്തി. വെള്ളിയാഴ്ച രണ്ടാമത്തെ കുറ്റി സ്ഥാപിച്ച കളത്തില്‍തൊടി ഫാത്തിമയുടെ റിയാസ് മന്‍സിലിന്റെ മുറ്റത്തും വൻ ബഹളം തുടങ്ങി. ആറര സെന്റ് മാത്രമുള്ള സ്ഥലത്ത് വീട് പുതുക്കി നിര്‍മിക്കാനോ വിൽപന നടത്താനോ കഴിയില്ലെന്ന ആധിയിലാണിപ്പോൾ കുടുംബം.
ഓടിട്ട പഴയ തറവാട് വീടാണ് അവരുടേത്. പ്രതിഷേധിച്ച് കല്ല് പിഴുതെറിയാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പരുക്കൻ രീതിയിലാണ് പൊലീസ് നേരിട്ടത്.
വെള്ളരിക്കണ്ടി പറമ്പ് പ്രിയയുടെ മകള്‍ 19കാരി ആതിരയെ പുരുഷ പൊലീസുകാരാണ് നെഞ്ചത്ത് കുത്തിയതെന്നാണ് ആരോപണം. പ്രിയയെ നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് പിടിച്ചുവെച്ചു. സഹോദരി ശ്രിയ ഷിനന്റെ വസ്ത്രങ്ങളും ബലപ്രയോഗത്തില്‍ കീറി. കെ.എം.സി.ടി കോളജില്‍ ബി.എസ്സി വിദ്യാര്‍ഥിനിയാണ് ആതിര. നെഞ്ചില്‍ നീര്‍ക്കെട്ട് അനുഭവപ്പെട്ട് ആതിരയെ വൈകീട്ട് ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. 43 കൊല്ലമായി കഴിയുന്ന വീടിനുമുന്നിലൂടെ കെ-റെയിൽ വരാന്‍ സാധ്യതയുണ്ട് എന്ന ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്ന് ഫാത്തിമ പറഞ്ഞു.
18 കുറ്റികൾ സ്ഥാപിച്ചു
വെള്ളിയാഴ്ച കല്ലായിയിൽ 18 സ്ഥലത്ത് കെ-റെയിലിന്റെ കുറ്റികൾ സ്ഥാപിച്ചതായി കെ-റെയിൽ സ്പെഷൽ തഹസിൽദാർ അറിയിച്ചു. രണ്ടിടത്ത് റോഡിൽ ആണിയടിച്ച് അടയാളപ്പെടുത്തുകയും ചെയ്തു. കുറ്റി സ്ഥാപിക്കൽ തിങ്കളാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.