കോഴിക്കോട്: ഗുണ്ട വിരുദ്ധ നിയമപ്രകാരം (കാപ്പ) രണ്ടുപേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം പെരിങ്ങൊളം മണ്ണമ്പറമ്പത്ത് ഷിജു എന്ന ടിങ്കു (32), കുറ്റിക്കാട്ടൂർ സ്വദേശി ബുഷർ ജംഹർ (29) എന്നിവരെയാണ് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ കുന്ദമംഗലം എസ്.ഐ അഷ്റഫും നടക്കാവ് എസ്.ഐ കൈലാസ് നാഥും സ്പെഷൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എ. അക്ബറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് ഇവർക്കെതിരെ കാപ്പ ചുമത്താൻ ഉത്തരവ് ഇറക്കിയത്. സിറ്റി സ്പെഷൽ ബ്രാഞ്ച് എ.സി.പി എ. ഉമേഷിന്റെ നേതൃത്വത്തിൽ ഇവരെക്കുറിച്ച വിവരങ്ങൾ ശേഖരിച്ച് ജില്ല പൊലീസ് മേധാവിക്ക് സമർപ്പിച്ചിരുന്നു.
ടിങ്കു വധശ്രമം, കവർച്ച, ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണ്. ആറുമാസം മുമ്പ് ഇയാളും കൂട്ടാളികളും ചേർന്ന് പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതടക്കം കേസുകളിലും പ്രതിയാണ്. ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. കെ.എസ്.യു ജില്ല ഭാരവാഹിയായ ബുഷറിനെ രാഷ്ട്രീയ കേസുകളുടെ പേരിലാണ് ഗുണ്ട ലിസ്റ്റിൽ പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.