കോഴിക്കോട്: പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമൻ മാനാഞ്ചിറ സ്ക്വയറിലെത്തി. ഞായറാഴ്ച നഗരത്തിൽ പരിപാടിക്കെത്തിയ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ഉച്ചയോടെ മാനാഞ്ചിറ സ്ക്വയറിലെത്തുകയായിരുന്നു.
സ്ക്വയർ വിശദമായി കണ്ടിട്ടില്ലാത്തതിനാലുള്ള സന്ദർശനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ശിൽപനഗരവും ഇപ്പോൾ സാഹിത്യനഗരവുമായ കോഴിക്കോട്ട് കാനായി കുഞ്ഞിരാമന്റെ ശിൽപം വേണമെന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സ്ക്വയർ സന്ദർശനം. ലോകപ്രശസ്ത ശിൽപി യൂസുഫ് അറക്കലിന്റെ പട്ടാളക്കാരൻ ശിൽപവും മലയാള സാഹിത്യത്തിലെ പ്രമുഖ കഥാപാത്രങ്ങളുടെ ശിൽപവുമെല്ലാം സ്ക്വയറിലുണ്ട്.
രാമാശ്രമം എം.എ. ഉണ്ണീരിക്കുട്ടി അവാർഡ് കാനായി കുഞ്ഞിരാമന് നൽകിയ, കഴിഞ്ഞ ഡിസംബറിൽ നഗരത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ശിൽപം കോഴിക്കോട്ട് വേണമെന്ന് ആവശ്യമുയർന്നിരുന്നു. അദ്ദേഹത്തിന് പുരസ്കാരം നൽകി മാനാഞ്ചിറ സ്ക്വയർ നിർമാണത്തിന് മുൻകൈയെടുത്ത മുൻ ജില്ല കലക്ടർ കെ. ജയകുമാർ ശിൽപം നഗരത്തിന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, കോട്ടയം, പാലക്കാട് തുടങ്ങി എല്ലാ നഗരങ്ങളിലും കാനായിയുടെ ശിൽപങ്ങളുണ്ട്.
എത്രയും പെട്ടെന്ന് നഗരത്തിൽ കാനായിയുടെ ശിൽപം വേണമെന്ന് ജയകുമാർ നിർദേശിച്ചിരുന്നു. കാനായിയുടെ ശിൽപം കോഴിക്കോട്ട് അനിവാര്യമെന്നും ജയകുമാർ മുൻകൈയെടുത്ത് ശിൽപമുണ്ടാക്കണമെന്നും ഡോ. എം.കെ. മുനീർ എം.എൽ.എയും ആവശ്യപ്പെട്ടിരുന്നു. മാനാഞ്ചിറയിൽ മനോഹരമായ കാനായി ശിൽപം ഉണ്ടാകേണ്ടത് കോഴിക്കോട്ടുകാരുടെ കടമയാണെന്നും മുനീർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.