കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ 87ാം സാക്ഷി റവന്യൂ തഹസിൽദാറായിരുന്ന ജയശ്രീ എസ്. വാര്യർ, 88ാം സാക്ഷി സുലൈഖ മജീദ് എന്നിവരുടെ വിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി.
ഒന്നാം പ്രതി ജോളിയുടെ സുഹൃത്തുക്കളായിരുന്നുവെന്നും ഭർത്താവ് റോയ് തോമസ് ഹൃദയാഘാതം കാരണം മരിച്ചെന്ന് തങ്ങളെ ജോളി ഫോണിൽ വിളിച്ചറിയിച്ചുവെന്നും അപ്പോൾ അവർക്ക് ഭാവവ്യത്യാസമില്ലായിരുന്നുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവരുടെ വിസ്താരത്തിൽ സാക്ഷികൾ മൊഴി നൽകി.
2005ൽ ചാത്തമംഗലം വില്ലേജ് ഓഫിസറായി ജോലിചെയ്യവേ ബസ്യാത്രക്കിടെയാണ് ജോളിയുമായി പരിചയത്തിലായതെന്ന് ജയശ്രീ എസ്. വാര്യർ മൊഴി നൽകി. എൻ.ഐ.ടിയിൽ ടീച്ചറാണെന്നാണ് പറഞ്ഞത്. ഭൂനികുതി അടക്കാനും മറ്റും ജോളിക്കുവേണ്ടി ശിപാർശ പറഞ്ഞിട്ടുണ്ട്.
കഞ്ഞികുടിച്ചുകൊണ്ടിരിക്കവേ ബാത്ത്റൂമിൽ പോയപ്പോൾ വീണുമരിച്ചുവെന്നാണ് പ്രതി പറഞ്ഞതെന്ന് ജയശ്രീ മൊഴിനൽകി. ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോകട്ർ ഹൃദയാഘാതമെന്ന് സ്ഥിരീകരിച്ചതായാണ് ജോളി തന്നോട് പറഞ്ഞത്. എൻ.ഐ.ടിക്കടുത്ത് ബ്യൂട്ടിപാർലർ നടത്തവേയാണ് ജോളിയുമായി പരിചയപ്പെട്ടതെന്ന് സുലൈഖ മജീദ് മൊഴിനൽകി.
തന്നോടും എൻ.ഐ.ടിയിൽ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നതെന്ന് അവർ മൊഴിനൽകി. ക്ലാസില്ലെന്നും മറ്റും പറഞ്ഞാണ് ബ്യൂട്ടിപാർലറിൽ ഇരിക്കാറുള്ളത്. റോയ് തോമസിന്റെ മൃതദേഹം കാണാൻ പോയിരുന്നു. പിന്നീടാണ് റോയിയുടെ മരണം ഹൃദയാഘാതം കാരണമല്ല, കൊലപാതകമായിരുന്നുവെന്ന് മനസ്സിലായത്.
റോയ് തോമസിനെ കൊലപ്പെടുത്തിയശേഷം പ്രതി ജോളി സുഹൃത്തുക്കളെയും മറ്റും മരണം ഹൃദയാഘാതം കാരണമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. സുലൈഖ മജീദിനെ ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. കെ.പി. പ്രശാന്ത് എതിർവിസ്താരം നടത്തി. സാക്ഷി വിസ്താരം തിങ്കളാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.