കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസ് വധക്കേസിൽ സുപ്രധാന സാക്ഷികളുടെ വിസ്താരം ആരംഭിച്ചു. കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരൻ രണ്ടാം സാക്ഷി റോജോ തോമസ്, റോയ് തോമസിന്റെയും ഒന്നാം പ്രതി ജോളിയുടെയും മകനായ മൂന്നാം സാക്ഷി റെമോ റോയ് എന്നിവരുടെ വിസ്താരമാണ് തുടങ്ങിയത്.
തന്റെ പിതാവ് റോയ് തോമസിന്റേതുൾപ്പെടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയതെന്ന് തന്നോട് അവർ സമ്മതിച്ചതായി റെമോ റോയ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴിനൽകി.
പിതാവിന്റെ അമ്മയെ ആട്ടിൻസൂപ്പിൽ വളം കലക്കിക്കൊടുത്തും മറ്റുള്ളവർക്ക് ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കിക്കൊടുത്തുമാണ് കൊന്നതെന്നും അമ്മ തന്നോട് കുറ്റസമ്മതം നടത്തിയതാണെന്നും റെമോ മൊഴിനൽകി.
ആറു മരണങ്ങളുടെയും സമയത്തുള്ള ജോളിയുടെ സംശയകരമായ സാന്നിധ്യവും റോയിയുടെ മരണ കാരണത്തെപ്പറ്റിയുള്ള വൈരുധ്യങ്ങളും മരണത്തിന് മുമ്പ് റോയ് ഭക്ഷണം കഴിച്ചില്ലെന്ന് അവർ പറഞ്ഞതും എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദഹിക്കാത്ത ഭക്ഷണം വയറിൽ കണ്ടതും വ്യാജരേഖ ഉപയോഗിച്ച് പൊന്നമറ്റത്തെ വീടും സ്ഥലവും പോക്കുവരവ് നടത്തിയതും തന്നിൽ സംശയമുളവാക്കിയെന്നും അതാണ് ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്ന് താൻ പരാതി നൽകിയതെന്നും റോജോ തോമസ് മൊഴി നൽകി.
ജോളിയുടെ മൊബൈൽ ഫോൺ മകൻ റെമോ ഹാജരാക്കിക്കൊടുത്തതിന് താൻ സാക്ഷിയായിരുന്നുവെന്നും വിൽപത്രത്തിന്റെ ഫോട്ടോകോപ്പി ഹാജരാക്കിക്കൊടുത്ത മഹസറിലും താൻ സാക്ഷിയായി ഒപ്പിട്ടിരുന്നുവെന്നും 163ാം സാക്ഷി നെൽസൺ വർഗീസ് മൊഴിനൽകി.
സാക്ഷികളുടെ എതിർവിസ്താരം ബുധനാഴ്ചക്ക് മാറ്റി. അഡ്വ. ബി.എ. ആളൂർ, അഡ്വ. ഷഹീർ സിങ്, അഡ്വ. പി. കുമാരൻ കുട്ടി എന്നിവരുടെ എതിർ വിസ്താരമാണ് നടക്കുക. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. വിസ്താരത്തിനെത്തുന്ന മക്കളെ കോടതിയിൽ വെച്ച് കാണാനനുവദിക്കണമെന്ന് പ്രതി ജോളി അപേക്ഷ നൽകിയിരുന്നു. എന്നാൽ, കാണാൻ താൽപര്യമില്ലെന്ന് സാക്ഷികൾ അറിയിച്ചതായി പ്രോസിക്യൂഷൻ ഹരജി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.