കോഴിക്കോട്: കൂടത്തായി റോയ് തോമസ് കൊലപാതകക്കേസിൽ രണ്ടാം സാക്ഷി റോജോ തോമസിന്റെ എതിർ വിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ ആരംഭിച്ചു. ഒന്നാം പ്രതി ജോളിക്കുവേണ്ടി അഡ്വ. ബി.എ. ആളൂരിന്റെ എതിർ വിസ്താരമാണ് ആരംഭിച്ചത്. വിസ്താരം വ്യാഴാഴ്ചയും തുടരും.
തന്റെ പിതാവ് മരിച്ച സമയത്ത് വീട്ടിൽ വന്നപ്പോൾ വ്യാജ ഒസ്യത്ത് തന്നെ ജോളി കാണിച്ചിരുന്നതായും വിവാഹം കഴിഞ്ഞ് വന്നപ്പോൾ എം.കോം ബിരുദധാരി ആണെന്നാണ് ജോളി പറഞ്ഞതെന്നും ആറു മരണസമയത്തും ജോളിയുടെ സംശയകരമായ സാന്നിധ്യവും റോയിയുടെ മരണകാരണത്തെപ്പറ്റിയുള്ള വൈരുധ്യങ്ങളും മരണത്തിന് മുമ്പ് റോയ് ഭക്ഷണം കഴിച്ചില്ലെന്ന് ജോളി പറഞ്ഞതും എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദഹിക്കാത്ത ഭക്ഷണം വയറിൽ കണ്ടതും വ്യാജരേഖ ഉപയോഗിച്ച് പൊന്നമറ്റത്തെ വീടും സ്ഥലവും പോക്കുവരവ് നടത്തിയതും സംശയമുളവാക്കിയെന്നും അതുകൊണ്ടാണ് ആറു ദുരൂഹ മരണങ്ങളെപ്പറ്റിയും അന്വേഷിക്കണമെന്ന് താൻ പരാതി നൽകിയതെന്നും റോജോ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വിസ്താരത്തിൽ മൊഴി നൽകിയിരുന്നു.
എന്നാൽ, റോജോ നേരത്തേയും പരാതി നൽകിയിരുന്നുവെന്നും റോയ് ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നുമുള്ള കാര്യങ്ങളിലൂന്നിയാണ് അഡ്വ. ആളൂർ റോജോയെ ക്രോസ് ചെയ്തത്.
റോയിയുടെ ആത്മഹത്യയാണെന്ന് എല്ലാവർക്കുമറിയാമായിരുന്നെന്നും അതിന്റെ അപമാനമൊഴിവാക്കാൻ യാഥാർഥ്യം വളച്ചൊടിക്കുകയാണെന്നുമാണ് വാദം. കഴിഞ്ഞ ദിവസം വിസ്തരിച്ച ജോളിയുടെ മകന്റെ എതിർ വിസ്താരം തിങ്കളാഴ്ച നടത്താനും കോടതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.