കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ 27ാം സാക്ഷി കൂടത്തായി കാഞ്ഞിരത്തിങ്കൽ കെ.ജെ. ആന്റണി എന്ന വിൽസന്റെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടന്നു. കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസ് മരിച്ചപ്പോൾ പോസ്റ്റ് മോർട്ടം വേണ്ടെന്ന് ഭാര്യയായിരുന്ന ജോളി പറഞ്ഞെന്ന് ആന്റണി മൊഴി നൽകി.
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ റിട്ട. അധ്യാപകനാണെന്നും കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ് എന്നിവരെയെല്ലാം പരിചയമുണ്ടായിരുന്നുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ ആന്റണി പറഞ്ഞു.
റോയ് തോമസ് ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ജോളിതന്നെ പലരേയും ഫോൺ വിളിച്ചറിയിക്കുന്നത് കേട്ടിരുന്നു. മരിച്ചപ്പോൾ ഭാര്യയായിരുന്ന ജോളി പോസ്റ്റ് മോർട്ടം വേണ്ടെന്ന് പറഞ്ഞിരുന്നെന്ന് നേരത്തെ 23ാം സാക്ഷി അശോകനും മൊഴി നൽകിയിരുന്നു. സാക്ഷി ആന്റണിക്ക് റോയ് തോമസും പിതാവ് ടോം തോമസുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ റോയ് തോമസിനെ എത്തിച്ചപ്പോൾ താൻ അവിടെയുണ്ടായിരുന്നുവെന്ന് ആന്റണി മൊഴി നൽകി. റോയ് മരിച്ചതറിഞ്ഞപ്പോൾ പോസ്റ്റ് മോർട്ടം വേണമെന്ന് അമ്മാവൻ മാത്യു മഞ്ചാടിയിൽ പറഞ്ഞെങ്കിലും ജോളി ഇതിനെ എതിർത്തു. പിന്നീട് ആശുപത്രിയിൽനിന്ന് തങ്ങൾ വീട്ടിലേക്ക് വരുമ്പോൾ ജോളിയും ഒപ്പമുണ്ടായിരുന്നു. റോയ് തോമസ് ഹൃദയാഘാതം കാരണം മരിച്ചെന്ന് ജോളി പലരേയും ഫോണിൽ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.
ടോം തോമസിന്റെ യഥാർഥ ഒപ്പുള്ള രേഖകളും തന്റെ പക്കലുണ്ട്. ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്തുണ്ടാക്കിയ സംഭവത്തിൽ നിർണായകമാണ് ഒപ്പുള്ള ഈ രേഖകൾ. സെന്റ് വിൻസന്റ് ഡിപോൾ സൊസൈറ്റി പ്രസിഡന്റാണെന്നും അതിന് മുമ്പ് റോയ് തോമസായിരുന്നു പ്രസിഡന്റെന്നും മൊഴിനൽകി. റോയിയുടെ ഒപ്പുള്ള സൊസൈറ്റിയുടെ രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്. മ
രിച്ചപ്പോൾ എടുത്ത കേസിൽ മഹസ്സർ സാക്ഷികൂടിയാണ് ആന്റണി. ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂരിനുവേണ്ടിയുള്ള എതിർ വിസ്താരം മാറ്റിവെക്കാൻ അപേക്ഷ നൽകിയെങ്കിലും കോടതി അപേക്ഷ തള്ളി വിസ്താരം അവസാനിപ്പിക്കുകയായിരുന്നു. 36 മുതൽ 39 വരെ സാക്ഷികളുടെ വിസ്താരം തിങ്കളാഴ്ച നടക്കും. അഡ്വ. ഷഹീർ സിങ്, അഡ്വ. പി. കുമാരൻ കുട്ടി എന്നിവരാണ് പ്രതികൾക്കായി ഹാജരാവുന്ന മറ്റു അഭിഭാഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.