മാവൂർ: കൂളിമാട് റോഡിലെ എളമരം ഭാഗത്ത് കോഴി അറവുമാലിന്യങ്ങൾ തള്ളുന്നതിന് ശമനമില്ല. ഗ്രാസിം ഫാക്ടറി കോളനി ജങ്ഷൻ മുതൽ എളമരം പാലം വരെയുള്ള ഭാഗത്താണ് റോഡിൽ നിത്യേനയെന്നോണം മാലിന്യം തള്ളുന്നത്. ഇരുഭാഗത്തും ഗ്രാസിം ഫാക്ടറി കോമ്പൗണ്ടുള്ള ഈ ഭാഗം പൊതുവെ വിജനമാണ്. തെരുവുവിളക്കുകളും അണഞ്ഞനിലയിലാണ്. കാൽനടയാത്രക്കാർ കുറവായതിനാലും സമീപത്ത് വീടുകളില്ലാത്തതിനാലും ആളുകളുടെ ശ്രദ്ധയിൽപെടില്ലെന്ന ധൈര്യമാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളാൻ കാരണം.
അർധരാത്രിയും പുലർച്ചയുമായി തള്ളുന്ന മാലിന്യം ഭക്ഷിക്കാൻ തെരുവുനായ്ക്കളുടെ പടയാണിവിടെ. റോഡിന് നടുവിലേക്ക് വലിച്ചിടുന്ന മാലിന്യം റോഡിൽ ദിവസങ്ങളോളം പരന്നുകിടക്കുന്നതിനാൽ ദുർഗന്ധം അസ്സഹനീയമാണ്. മൂക്കുപൊത്താതെ ഇതിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിന് നടുവിൽ അതിരാവിലെയുള്ള തെരുവുനായ്ക്കളുടെ ബഹളം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. ഖാദറിന്റെ നേതൃത്വത്തിൽ മാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് മാലിന്യം തള്ളുന്ന വാഹന ഉടമകളെ വിളിച്ച് താക്കീതുനൽകിയിരുന്നു. കർശന പരിശോധനയും പൊലീസ് പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.