കോഴിക്കോട്: നഗരത്തിലെ നടപ്പാതകളിലൂടെ പോകുന്നവർ ശ്രദ്ധിക്കുക, സൂക്ഷിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം. പലയിടത്തും സ്ലാബുകൾ തകർന്ന നിലയിലാണ്. അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെങ്കിലും അപകടസൂചനയായി മരക്കഷണങ്ങളും മറ്റും ആരൊക്കെയോ സ്ലാബുകൾക്ക് സമീപം വെച്ചിട്ടുണ്ട്. പലരും ഇത് കാണുന്നതുകൊണ്ട് മാത്രമാണ് അപായത്തിൽനിന്ന് രക്ഷപ്പെടുന്നത്. മാനാഞ്ചിറക്കു സമീപം െെവക്കം മുഹമ്മദ് ബഷീർ റോഡിലെ നടപ്പാതയിൽ അഞ്ചോളം ഇടങ്ങളിലാണ് സ്ലാബുകൾ തകർന്നത്. ഇവ ഇൗ സ്ഥിതിയിലായിട്ട് വർഷങ്ങളേറെയായെങ്കിലും ഇന്നും നടപടിയില്ല. ഒാടകൾക്ക് താഴെ മലിനജലമാണ് ഒഴുകുന്നത്. മഴക്കാലത്ത് വെള്ളം നിറയുന്നത് അപകടസാധ്യതയും വർധിപ്പിക്കുന്നു.
മാവൂർ റോഡിൽ രാജാജി റോഡ് ജങ്ഷന് സമീപം നഗര സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി ഇൗയടുത്ത് മോടികൂട്ടിയ നടപ്പാതയും തകർന്നു. ഇൻറർലോക്കുകൾ ഇളകിമാറി വലിയ കുഴിയായിട്ടുണ്ട്. കോട്ടൂളി പെട്രോൾ പമ്പിന് സമീപത്തെ ഒാട ഭൂരിഭാഗവും സ്ലാബിടാതെ തുറന്നിട്ടിരിക്കയാണ്. മഴക്കാലത്ത് വലിയ അളവിൽ വെള്ളം നിറയുന്ന ഇവിടെ അപകടം പതിയിരിക്കയാണ്.
സി.എച്ച് മേൽപാലത്തിൽ ഇരുഭാഗങ്ങളിലുമുള്ള നടപ്പാതയിലെ സ്ലാബുകൾ തകർന്നിട്ടുണ്ട്. പാലത്തിന് ഏറ്റവും മുകളിലെ സ്ലാബുകൾ രണ്ടിടത്ത് പൂർണമായും മൂന്നിടത്ത് ഭാഗികമായും തകർന്നു. ബീച്ചിലേക്കടക്കമുള്ള വാഹനങ്ങളുടെ വലിയ തിരക്കുള്ള റോഡാണിത്. അതിനാൽ, ആരും റോഡിലേക്കിറങ്ങി നടക്കാറുമില്ല. കുഴികളിലേക്ക് വീഴാതിരിക്കാൻ പലരും റോഡിലേക്ക് ചാടുന്നത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. റെയിൽവേ പാളവും താഴെയുണ്ടെന്നത് ഗൗരവം വർധിപ്പിക്കുന്നു. കോർപറേഷെൻറയും പൊതുമരാമത്ത് വകുപ്പിെൻറയും നടപടിയെത്താൻ വലിയ ദുരന്തം ഉണ്ടാവുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നാട്ടുകാരുടെ പ്രതികരണം.
ഒാടയിൽ വീണ് ഇതുവരെ ആറ് ജീവനുകളാണ് പൊലിഞ്ഞത്. 1999ൽ മേത്തോട്ടുതാഴം സ്വദേശിയായ സിറ്റി ട്രാഫിക്കിലെ പൊലീസുകാരൻ അരയിടത്തുപാലത്തിന് സമീപത്തെ ഒാടയിൽ വീണ് മരിച്ചു. 2013ൽ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒാടയിൽ വീണ് ആയിഷബി എന്ന വീട്ടമ്മ, 2016ൽ വെസ്റ്റ് മാങ്കാവിലെ ഒാടയിൽ വീണ് പെരുമണ്ണ സ്വദേശി ശശീന്ദ്രൻ, 2017ൽ കോട്ടൂളിയിലെ ഒാടയിൽ വീണ് സതീശൻ എന്നിവരും മരിച്ചു.
2021 ആഗസ്റ്റിൽ ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയിൽ അത്താണി പുഴമ്പ്രം റോഡിൽ തുറന്നുകിടന്ന ഒാടയിൽ വീണ് ദാസൻ മരിച്ചു. ഇതേ ഒാടയിൽ വീണ് ഒക്ടോബർ 31ന് ശശീന്ദ്രൻ എന്നയാളും മരിച്ചു. ഇൗ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.