കോഴിക്കോട്: കോഴിക്കോട് കോർപറേഷനെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കോർപറേഷനായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. ജില്ല സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി കലക്ടർ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് കോർപറേഷന്റെ പ്രഖ്യാപനം നടന്നത്.
75 വാർഡുകളിലും മുതിർന്ന പൗരൻമാർക്ക് ആൻഡ്രോയിഡ് മൊബൈൽ ഫോണും അതുവഴി ഇന്റർനെറ്റും ഉപയോഗിക്കുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞതായി അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. 70ാം വാർഡ് ഈസ്റ്റ്ഹില്ലിൽ നിന്നുള്ള പഠിതാവ് എം.വി. ബിന്ദു മന്ത്രിക്കും മേയർക്കുമൊപ്പം സെൽഫിയെടുത്തത് തങ്ങളും ന്യൂജനറേഷനൊപ്പമെത്തി എന്ന് തെളിയിച്ചു.
കോഴിക്കോട് കോർപറേഷൻ അധികാരികളുടെ പ്രവർത്തനം മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണ് മന്ത്രി റിയാസ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കുന്നത്. എന്നാൽ, പ്രതിപക്ഷ ബഹിഷ്കരണവും നിർവഹണ ഉദ്യോഗസ്ഥയായ സെക്രട്ടറി ബിനിയുടെ അസാന്നിധ്യവും പ്രഖ്യാപനച്ചടങ്ങിൽ ശ്രദ്ധേയമായി.
ഭരണകക്ഷി കൗൺസിലർമാരടക്കം എത്താത്തതും ആളുകൾ കുറഞ്ഞതും പരിപാടിയുടെ നിറം കെടുത്തി. മാത്രമല്ല, ചടങ്ങിന് സ്റ്റേജിൽ കെട്ടിയ ബാനറിലും മാധ്യമപ്രവർത്തകർക്കടക്കം വിതരണം ചെയ്ത നോട്ടീസിലും ഡിജിറ്റൽ ഒഴിവാക്കി ‘സമ്പൂർണ സാക്ഷരത’ എന്നു തെറ്റിച്ച് എഴുതിയത് പരിപാടി തട്ടിക്കൂട്ട് പരിപാടിയാണെന്ന് വിളിച്ചോതി. കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി എന്ന പ്രഖ്യാപനം പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷത്തെ പത്തിൽ താഴെ കൗൺസിലർമാരേ എത്തിയുള്ളൂ. 30,000 പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമാണ് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പരിപാടിയിലും ഇതോടനുബന്ധിച്ച് നേരത്തേ നടത്തിയ വാർത്തസമ്മേളനത്തിലും നിർവഹണ ചുമതലയുള്ള സെക്രട്ടറി പങ്കെടുത്തില്ല.
ഡെപ്യൂട്ടി മേയറും പരിപാടിക്ക് എത്തിയില്ല. പിന്നെ എന്തിനാണ് ധൃതിപിടിച്ച് പ്രഖ്യാപനം നടത്തിയതെന്ന് ഭരണ സമിതി വ്യക്തമാക്കണമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.