കോഴിക്കോട്: അടിസ്ഥാന സൗകര്യവികസനമടക്കം ആവശ്യങ്ങൾ ഏറെയുള്ള കോഴിക്കോടിന് വെള്ളിയാഴ്ചത്തെ സംസ്ഥാന ബജറ്റിൽ പ്രതീക്ഷകൾക്ക് കുറവില്ല. മുൻ ബജറ്റുകളിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ബാക്കിയുണ്ടെങ്കിലും പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് ജില്ല. വലിയ പദ്ധതികൾ ബജറ്റിന് പുറത്താണ് ജില്ലക്ക് ലഭിച്ചത്. കിഫ്ബി വഴിയുള്ള തുകനീക്കിയിരിപ്പാണ് ഇതിനു കാരണം. അടുത്തിടെ ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാതക്കും കനോലി കനാൽ വികസനത്തിനും തുക അനുവദിച്ചത് ഈ രീതിയിലാണ്. 2134.50 കോടി രൂപയാണ് തുരങ്കപാതക്ക് കഴിഞ്ഞ മാസം ഭരണാനുമതി നൽകിയത്. കള്ളാടിയില്നിന്ന് ആനക്കാംപൊയില് മറിപ്പുഴ സ്വര്ഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വര്ഗംകുന്നില്നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ ദൂരമുണ്ടാകും. കോഴിക്കോട് നഗരത്തെ കനാൽ സിറ്റിയാക്കിമാറ്റുന്ന വികസനത്തിന് 1118 കോടിയാണ് കഴിഞ്ഞ മാസം അനുവദിച്ചത്. ജില്ലയിലെ സുപ്രധാനമായ ഈ രണ്ടു പദ്ധതികൾക്കു പുറമേ, വർഷങ്ങളായുള്ള ആവശ്യങ്ങളും നിറവേറാനുണ്ട്.
•ഒരുപാടുണ്ട് നേടിയെടുക്കാൻ
ജില്ലക്കുവേണ്ടി നിരവധി പദ്ധതികൾ മുൻകാലങ്ങളിൽ ബജറ്റിൽ പ്രഖ്യാപിക്കാറുണ്ടെങ്കിലും ചിലതെങ്കിലും കടലാസിൽ തുടരുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മലാപ്പറമ്പിൽ സ്ഥാപിക്കാനുദ്ദേശിച്ച മൊബിലിറ്റി ഹബ് യാഥാർഥ്യമായിട്ടില്ല. 2012ൽ നഗരസഭ ആലോചന തുടങ്ങിയ മൊബിലിറ്റി ഹബിന്റെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കുമെന്ന് 2018ലെ ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. അതേവർഷം തിരുവനന്തപുരത്ത് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്റെയും എ.കെ. ശശീന്ദ്രന്റെയും നേതൃത്വത്തിൽ നടന്ന യോഗം അന്നത്തെ കലക്ടർ എസ്. സാംബശിവ റാവുവിനെ മൊബിലിറ്റി ഹബ് സ്പെഷൽ ഓഫിസറായി ചുമതലപ്പെടുത്തി. ഡി.പി.ആർ തയാറാക്കാൻ കൊച്ചി മെട്രോ റെയിൽ കോർപറേഷനെ ഏൽപിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്. 20 ഏക്കറോളം ഭൂമി ബൈപാസിലെ പാച്ചാക്കൽ ജങ്ഷന് സമീപം വിട്ടുനൽകാമെന്ന് ഉടമകൾ അറിയിച്ചിട്ടുണ്ട്. ബജറ്റിൽ കൂടുതൽ തുക അനുവദിച്ചാൽ പദ്ധതി യാഥാർഥ്യമാകും.
കെ-റെയിലിനായി തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുമ്പോഴും നഗരത്തിലെ ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. 2773 കോടി ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് ബജറ്റിൽ സംസ്ഥാന സർക്കാർ മാത്രം കനിഞ്ഞിട്ട് കാര്യമില്ല. കേന്ദ്രസർക്കാറിന്റെ ഫണ്ട് കൂടി വേണം. കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് വരെയാണ് ലൈറ്റ്മെട്രോ തുടക്കത്തിൽ വിഭാവനം ചെയ്തത്. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജിൽനിന്ന് മീഞ്ചന്ത വരെയും രണ്ടാം ഘട്ടത്തിൽ രാമനാട്ടുകര വരെയും അവസാനം കരിപ്പൂരിലും അവസാനിപ്പിക്കുന്ന രീതിയിൽ നിർമാണം തുടരാനായിരുന്നു ലക്ഷ്യം.
കഴിഞ്ഞ വർഷം ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിലും ജൂണിൽ കെ.എൻ. ബാലഗോപാലിന്റെ പൂർണ ബജറ്റിലും ജില്ലയിലെ വ്യവസായ മേഖലക്ക് അവഗണന തന്നെയായിരുന്നു. മാവൂർ ഗ്രാസിം ഇൻഡസ്ട്രീസിന്റെ പേരിലുണ്ടായിരുന്ന ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ വ്യവസായങ്ങൾ തുടങ്ങണമെന്ന് വർഷങ്ങളായി ആവശ്യപ്പെടാറുണ്ടെങ്കിലും സർക്കാറുകൾ പരിഗണിക്കാറില്ല.
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ നവീകരണത്തിനായി സ്ഥലമേറ്റെടുക്കാൻ തുകയുണ്ടെങ്കിലും പണി ആരംഭിക്കാൻ ബജറ്റ് വിഹിതം വേണം. എരഞ്ഞിപ്പാലത്തെ മേൽപാലമടക്കം പഴയ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുണ്ട്.
നാളികേര കർഷകരുടെ ദുരിതം തുടരുകയാണ്. കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കാൻ കൂടുതൽ തുക വകയിരുത്തിയാൽ ജില്ലയിലെ കർഷകർക്കും ഗുണകരമാകും. വേളത്തെ നാളികേര പാർക്കിനായും തുക ആവശ്യമുണ്ട്. വ്യവസായ വികസന കോർപറേഷൻ ഏറ്റെടുത്ത 115 ഏക്കർ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളജിന് കഴിഞ്ഞ ബജറ്റിൽ 25 കോടിയുടെ ഐസൊലേഷൻ ബ്ലോക്ക് അനുവദിച്ചിരുന്നു. ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നതേയുള്ളൂ. കോവിഡും നിപയുമടക്കമുള്ള പകർച്ചവ്യാധികൾ പടരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഐസൊലേഷൻ ബ്ലോക്ക് പ്രഖ്യാപിച്ചത്. 25 കോടി മാത്രമാണ് നീക്കിവെച്ചിരുന്നത്. കുടുതൽ തുക ആവശ്യമാണ്. മാലിന്യസംസ്കരണത്തിനും ഓക്സിജൻ പ്ലാന്റ് നിർമാണത്തിനും തുക പ്രതീക്ഷിക്കുന്നുണ്ട്.
• പ്രതീക്ഷയോടെ വ്യാപാരി സമൂഹം
വ്യാപാരികൾക്കായി സംസ്ഥാനത്ത് മന്ത്രാലയം വേണമെന്ന് അന്തരിച്ച വ്യാപാരി നേതാവ് ടി. നസിറുദ്ദീനടക്കമുള്ളവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലത്തുണ്ടായ തിരിച്ചടിയിൽനിന്ന് പല വ്യാപാരികളും കരകയറിയിട്ടില്ല. ബാങ്ക് വായ്പകൾ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണി നേരിടുന്നവരുമുണ്ട്.വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ കഴിഞ്ഞ തവണ അംഗീകരിച്ചിരുന്നില്ല. ജി.എസ്.ടിയുടെ നൂലാമാലകളും വ്യാപാരികളെ വലക്കുകയാണ്. വാറ്റ് നടപ്പാക്കിയ കാലത്തെ നികുതി കുടിശ്ശിക ആരോപിച്ച് നോട്ടീസ് അയക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ഇൻപുട്ട് ടാക്സുമായി ബന്ധപ്പെട്ട് പിഴയും പലിശയും ഈടാക്കുന്നതും 'ടെസ്റ്റ് പർച്ചേസ്' പരിശോധനകളും നിർത്തണമെന്നതും വ്യാപാരികളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.