കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. കെട്ടിടങ്ങൾ നിർമിക്കുമ്പോഴും ജീവനക്കാരെ നിയമിക്കാതെയാണ് പ്രവർത്തനങ്ങൾ തുടങ്ങുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.എം.എസ്.എസ്.വൈ ബ്ലോക്ക് മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെങ്കിലും ജീവനക്കാരെ നിയമിച്ചിട്ടില്ല.
ഏഴുനില കെട്ടിടത്തിലാണ് അത്യാഹിത വിഭാഗവും എമർജൻസി ഓപറേഷൻ തിയറ്ററുമടക്കം പ്രവർത്തിക്കുന്നത്. ഐ.സി.യുകൾ, വാർഡുകൾ തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്. എന്നാൽ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ അത്യാവശ്യ ജീവനക്കാർമാത്രം കൂടുതലില്ല. പുതിയ ഏഴുനില കെട്ടിടത്തിലെ ജോലികൂടി ആ ജീവനക്കാരെ ഏൽപിക്കേണ്ടിവരുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് നേരത്തേയുണ്ട്. ജീവനക്കാരെ പലവിധത്തിൽ എല്ലായിടങ്ങളിലേക്കും മാറ്റി ക്രമീകരിച്ചാണ് ആശുപത്രിയുടെയും സൂപ്പർ സ്പെഷാലിറ്റിയുടെയും പ്രവർത്തനങ്ങൾ നിലവിൽ നടത്തുന്നത്. 1969ൽ ഉള്ള സ്റ്റാഫ് പാറ്റേണാണ് ആശുപത്രിയിൽ ഇപ്പോഴും നിലനിൽക്കുന്നത്. 1969ലേക്കാൾ രോഗികളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചിട്ടും ജീവനക്കാരുടെ എണ്ണം മാത്രം വർധിച്ചിട്ടില്ല. ഡോക്ടർമാരുടെയും നഴ്സുമാരുടെയും നഴ്സിങ് അസിസ്റ്റന്‍റുമാരുടെയും രൂക്ഷമായ ക്ഷാമമാണ് ആശുപത്രിയിൽ ഉള്ളത്.
ഡോക്ടർമാരുടെ 457 തസ്തികയാണ് ഉള്ളത്. അതിൽ 394 ഡോക്ടർമാർ മാത്രമാണുള്ളത്. രണ്ടു പേർ അനധികൃത അവധിയിലാണ്. 500 നഴ്സുമാരുടെ തസ്തിക ഉണ്ടെങ്കിലും 396 നഴ്സുമാർ മാത്രമാണ് ആശുപത്രിയിലുള്ളത്. 200 താൽക്കാലിക നഴ്സുമാരും പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിയിൽ 1000 ലേറെ നഴ്സുമാരുടെ സേവനം ആവശ്യമാണ്. നഴ്സിങ് അസിസ്റ്റന്‍റുമാർ 208 പേരാണുള്ളത്. മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർപെഷാലിറ്റി ആശുപത്രികളിലേക്ക് ഈ ജീവനക്കാരേയുള്ളൂ.
നേരത്തേ മെഡിക്കൽ കോളജ് ആശുപത്രി മാത്രമായിരുന്നപ്പോൾ ഉള്ള ജീവനക്കാരുടെ തസ്തിക പ്രകാരമാണ് ഇപ്പോഴും ജീവനക്കാരുള്ളത്. എന്നാൽ കൂടുതലായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിലവിൽ വരുകയും അവിടേക്ക് കൂടി ജീവനക്കാരെ വിന്യസിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു.
മെഡിക്കൽ കോളജിലെ ജീവനക്കാരെയാണ് സൂപ്പർ സ്പെഷാലിറ്റിയിലേക്കും നിയമിക്കുന്നത്. നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്‍റുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരും രണ്ട് ആശുപത്രികളിലുമായി ഓടുകയാണ്. അതിനിടെയാണ് പി.എം.എസ്.എസ്.വൈ ബ്ലോക്കുകൂടി തുറക്കുന്നത്. ഏപ്രിലിൽ തുറക്കുമെന്ന് പറഞ്ഞിരുന്ന ബ്ലോക്ക് മൂന്നുമാസം കഴിഞ്ഞ് മാത്രമേ തുറക്കൂ. എങ്കിലും ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.